ദിസ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളെല്ലാം വെറും പൊള്ളത്തരം മാത്രമാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളപ്പണം തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ട മോദി സഹായിക്കുന്നതു കള്ളന്മാരെയാണെന്നും രാഹുൽ പരിഹസിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നും അസമിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.

കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോരുത്തർക്കും 15 ലക്ഷം രൂപ നൽകുമെന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ആർക്കെങ്കിലും ഈ പണം കിട്ടിയോ. എപ്പോഴാണ് പ്രധാനമന്ത്രി ഈ വാഗ്ദാനം നിറവേറ്റാൻ പോകുന്നതെന്നും രാഹുൽ ചോദിച്ചു.

ഒരു കംപ്യൂട്ടർ വാങ്ങാൻ തീരുമാനിച്ച സുഹൃത്തിനെ ഉദാഹരണമാക്കിയാണു മോദിയുടെ പൊള്ളത്തരം രാഹുൽ ഗാന്ധി തുറന്നുകാട്ടിയത്. ഇന്റർനെറ്റിൽ നിന്ന പ്രത്യേകതൾ നിറഞ്ഞ ഒരു കമ്പനിയുടെ കംപ്യൂട്ടർ കണ്ടെത്തി. അതിന് ഓർഡർ നൽകി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു പായ്ക്കറ്റ് വന്നു. എന്നാൽ, പായ്ക്കറ്റ് തുറന്നുനോക്കിയപ്പോൾ അകത്ത് ഒരു ചെറിയ തടിക്കഷ്ണം മാത്രമാണുണ്ടായിരുന്നത്. അവൻ ഇപ്പോഴും കൊടുത്ത പണം തിരികെ നൽകാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ ഇന്ത്യയിൽ സംഭവിക്കുന്നതും ഇതുതന്നെയാണെന്നും രാഹുൽ പറഞ്ഞു.

മോദിയുടെ വിപണന തന്ത്രങ്ങൾ നല്ലതാണ്. എന്നാൽ ഉൽപ്പന്നം മാത്രം ഇല്ല. മുഴുവൻ ഇന്ത്യക്കാരും പണം തിരികെ നൽകാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. മോദി നന്നായി സംസാരിക്കുന്നു, നല്ല പ്രസംഗങ്ങൾ നടത്തുന്നു. അവയെല്ലാം പൊള്ള നിറഞ്ഞവ മാത്രമാണ്- രാഹുൽ പറഞ്ഞു.