പട്‌ന: ബിഹാറിൽ തെരഞ്ഞെടുപ്പു റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ചായവിൽപ്പനക്കാരനായിരുന്നു താനെന്നുള്ള മോദിയുടെ അവകാശം പച്ചക്കള്ളമാണെന്നും സ്യൂട്ട് ബൂട്ട് പ്രധാനമന്ത്രി രാജ്യത്തെ സാധാരണ ജനങ്ങളെ അവഗണിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

താനൊരു ചായവിൽപ്പനക്കാരനാണെന്ന് നമ്മുടെ പ്രധാനമന്ത്രി അവകാശപ്പെടാറുണ്ട്. എന്നാൽ ഇക്കഥ സത്യമാണെന്ന് കരുതാൻ കഴിയില്ല. അദ്ദേഹത്തിന് സ്യൂട്ടും ബൂട്ടും ഇട്ടവരോടു മാത്രമാണ് ചങ്ങാത്തമെന്നതുതന്നെ കാരണമെന്നും രാഹുൽ പറഞ്ഞു.

മോദി ധരിക്കുന്നത് 15 ലക്ഷം വിലവരുന്ന സ്യൂട്ടാണ്. അദ്ദേഹം തന്റെ ചുറ്റും നോക്കി കണ്ടുപിടിക്കട്ടെ ഇവിടെ സ്യൂട്ട് ധരിക്കുന്നവർ ആരാണുള്ളത് എന്ന്. രാജ്യത്തെ ബഹുഭൂരിപക്ഷവും കീറിപ്പറിഞ്ഞ തുണിയും കുർത്തയും ധരിക്കുന്നവരാണ്. രാജ്യത്തെ കർഷകരുടെ ലക്ഷങ്ങളും കോടികളും വിലവരുന്ന ഭൂമി മോദിയും കൂട്ടുകാരും വികസനത്തിന്റെ പേരിൽ വാങ്ങിക്കൂട്ടുകയാണെന്നും രാഹുൽ ആരോപിച്ചു.

നിരവധി വാഗ്ദാനങ്ങൾ മോദി നൽകിയെങ്കിലും അതൊന്നും ഇതുവരെയും പ്രാവർത്തികമായിട്ടില്ല. കള്ളപ്പണം രാജ്യത്ത് തിരികെ എത്തിക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. എന്നാൽ ഇതുവരെയും ഇത് സംഭവിച്ചിട്ടില്ല. രണ്ടു കോടി ചെറുപ്പക്കാർക്ക് ജോലി നൽകുമെന്നു പറഞ്ഞു. കർഷകരുടെ വിളകളുടെ താങ്ങുവില രണ്ടിരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

അതിനിടെ, ചമ്പാരനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് ബിജെപി രംഗത്ത് എത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ നടത്തിയത് അപക്വമായ പ്രസംഗമാണെന്ന് ബിജെപി വക്താവ് എം ജെ. അക്‌ബർ പറഞ്ഞു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രാഹുലിനൊപ്പം വേദി പങ്കിടാതിരിക്കാൻ കാരണമെന്താണെന്നുള്ളതിന് തെളിവാണ് രാഹുലിന്റെ പ്രസംഗം. ആരും അദ്ദേഹത്തിനൊപ്പം വേദി പങ്കിടാൻ ഇഷ്ടപ്പെടുന്നില്ലെന്നും അക്‌ബർ പരിഹസിച്ചു.