ന്യൂഡൽഹി: പാർലമെന്റിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളപ്പണം വെളുപ്പിക്കാൻ മോദി നടത്തുന്നതു ഫെയർ ആൻഡ് ലവ്‌ലി പദ്ധതിയാണെന്നു രാഹുൽ പരിഹസിച്ചു. രാജ്യം എന്നാൽ പ്രധാനമന്ത്രിയും പ്രധാനമന്ത്രി എന്നാൽ രാജ്യവുമല്ലെന്നു തിരിച്ചറിയണമെന്നും രാഹുൽ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കുവാനുള്ള ഫെയർ ആൻഡ് ലൗലി പ്രഖ്യാപനമാണ് മോദിയുടെ ബജറ്റ്. കള്ളപ്പണം വെളുപ്പിക്കാനാണ് അത്തരം കാര്യങ്ങൾ പ്രഖ്യാപിക്കുന്നതെന്നും ലോക്‌സഭയിൽ രാഹുൽ പറഞ്ഞു. കള്ളപ്പണക്കാരെ ജയിലിൽ അടയ്ക്കുമെന്നാണ് മോദി പറഞ്ഞത്. എന്നാൽ ഇപ്പോൾ അവരെ രക്ഷിക്കാനുള്ള കാര്യങ്ങളാണ് മോദി ചെയ്യുന്നത്.

അഹിംസയും അക്രമവുമാണ് രാജ്യത്ത് ഏറ്റുമുട്ടുന്നത്. സവർക്കറും വീർസവർക്കറും. പ്രധാനമന്ത്രി ഒരിക്കൽ പോലും രോഹിത് വെമുലയുടെ വീട്ടുകാരെ സന്ദർശിക്കാനോ സംസാരിക്കാനോ തയ്യാറായിട്ടില്ല. കനയ്യ കുമാറിന്റെ പ്രസംഗം മുഴുവൻ ഞാൻ കേട്ടു. അതിൽ ഒരു വാക്കു പോലും ദേശദ്രോഹമായിട്ടില്ല.

അന്താരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 35 ഡോളറായി കുറഞ്ഞിട്ടും ഇന്ത്യയിലെ സാധാരണ മനുഷ്യന് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിക്ക് മോശം അഭിപ്രായമാണെങ്കിൽ ധനമന്ത്രി നല്ലതു പറയുന്നു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നതെന്ന് തീർച്ചയായും പരിശോധിക്കണം. വലിയ തൊഴിൽ ദാതാവാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ജനങ്ങളുടെ കൈകളിലേക്ക് ഒന്നും എത്തിയിട്ടുമില്ലെന്നും രാഹുൽ കൂട്ടിചേർത്തു

വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. തൊഴിലുറപ്പാക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. എത്രപേർക്കു ജോലികിട്ടി എന്നുചോദിച്ചാൽ ആരുടെയും കൈ പൊങ്ങില്ല. പണ്ട് മോദി പറഞ്ഞിരുന്നു, ദേശീയ തൊഴിലുറപ്പുപദ്ധതി മോശം സ്‌കീം ആണെന്ന്. എന്നാൽ അരുൺ ജയ്റ്റ്‌ലി പറഞ്ഞു അതു വളരെ നല്ല സ്‌കീം ആണെന്ന്. എങ്കിൽ നിങ്ങളുടെ ബോസിനോട് അതു പറയൂ എന്ന് ഞാൻ മറുപടി നൽകി.

ആരുടെ അഭിപ്രായമാണ് പ്രധാനമന്ത്രി ശ്രദ്ധിക്കുന്നത്? ആരുടെ അഭിപ്രായമാണ് പ്രധാനമന്ത്രി ബഹുമാനിക്കുന്നത്, അദ്ദേഹത്തിന്റെ മന്ത്രിമാരുടെയോ? നിങ്ങൾ നിശബ്ദരായി ഇരിക്കുകയാണ് (ബിജെപിക്കാരോട്). ഈ രാജ്യം പ്രധാനമന്ത്രിയല്ല, പ്രധാനമന്ത്രി രാജ്യവുമല്ല. വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുമായി തുലനം ചെയ്യാൻ കഴിയുന്ന രാജ്യത്ത് ജീവിക്കുന്നതിൽ എനിക്ക് അഭിമാനമാണ്. ആർഎസ്എസിലെ നിങ്ങളുടെ അദ്ധ്യാപകർ പഠിപ്പിച്ചിരിക്കുന്നത് ലോകത്ത് ആകെ ഒരു സത്യമേയുള്ളൂവെന്നാണ്. നിങ്ങളുടേതു മാത്രം. വേറാരുടെയും അഭിപ്രായം കാര്യമാക്കില്ല.

നാഗാലാൻഡ് സമാധാന ഉടമ്പടിയുടെ കാര്യം എന്തായി എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതു കാറ്റിലാടിപ്പോയി. 26/11ന് ഏറ്റുമുട്ടൽ നടക്കുമ്പോൾ, നമ്മുടെ സൈനികരും പൗരന്മാരും മരിച്ചുകൊണ്ടിരിക്കുമ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയോട് കേന്ദ്രസർക്കാർ മുംബൈയിലേക്കു പോകരുതെന്നു പറഞ്ഞു യാചിച്ചു. പക്ഷേ, അദ്ദേഹം കേട്ടില്ല. അവിടെ ചെന്നു. അത് ആ ഏറ്റുമുട്ടലിനെ ബാധിച്ചു. നമ്മുടെ ജനങ്ങൾ മരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഇന്ന് പ്രധാനമന്ത്രി എന്താണ് ചെയ്തത്? ഒരു ചിന്തയും ആലോചനയും ഇല്ലാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വീട്ടിൽ പോയി ചായ കുടിച്ചു. സേനകളുമായി കൂടിയാലോചിച്ചില്ല, ഉദ്യോഗസ്ഥരോടുപോലും പറഞ്ഞില്ല. വിദേശകാര്യമന്ത്രി സുഷമാസ്വരാജിനോടുപോലും അദ്ദേഹം സംസാരിച്ചെന്നു തോന്നുന്നില്ലെന്നും രാഹുൽ പറഞ്ഞു.