ന്യൂഡൽഹി: അജ്ഞാതവാസം കഴിഞ്ഞു തിരിച്ചെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ വീണ്ടും പരിഹാസ ശരങ്ങൾ എയ്യുന്നു. കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചുവരുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.

സമ്പദ് വ്യവസ്ഥയെ കുറിച്ച് മന്മോഹൻസിൽനിന്ന് ഒരു മണിക്കൂർ ക്ലാസ് കേൾക്കാനായിരുന്നു മോദി ക്ഷണിച്ചതെന്നാണ് രാഹുൽ പറഞ്ഞത്. സമ്പദ് വ്യവസ്ഥയെ എങ്ങനെ നേരെ നയിക്കാൻ പറ്റും എന്നകാര്യം ഒരുപക്ഷെ മോദി മന്മോഹൻസിങിൽനിന്ന് മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് താൻ കരുതുന്നതായും രാഹുൽ പറഞ്ഞു. ഇക്കാര്യം തീർച്ചയായും മന്മോഹൻസിങിൽനിന്ന് ചോദിച്ചറിയുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. എൻഎസ്‌യുഐ കൺവൻഷനിലാണ് രാഹുലിന്റെ പരിഹാസം.

മോദിക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഹുൽ ഗാന്ധി അഴിച്ചുവിടുന്നത്. മോദിയുടേത് സ്യൂട്ട് ബൂട്ട് കി സർക്കാർ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. വിദേശത്ത് കറങ്ങുന്ന മോദി രാജ്യത്തെ ഒരു കർഷകന്റെ വീടെങ്കിലും സന്ദർശിക്കുമോ എന്നും രാഹുൽ ചോദിച്ചിരുന്നു. മെയ്ക്ക് ഇൻ ഇന്ത്യ ക്യാംപെയിനെ മെയ്ക്കിങ് മിസ്റ്റേക്ക് ആഫ്റ്റർ മിസ്റ്റേക്ക് എന്നാക്കിയെന്നും രാഹുൽ പരിഹസിച്ചു. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഫലം കേവലം പൂജ്യമാകുമെന്നും അതിന് അഞ്ചുവർഷം കാത്തിരിക്കേണ്ടതില്ലെന്നും ഒരുവർഷം കൊണ്ടുതന്നെ ഇത് ബോധ്യമായതാണെന്നും രാഹുൽ പറഞ്ഞു.

രാഹുൽഗാന്ധിയെ വ്യക്തിപരമായി പരിഹസിച്ചാണ് തെരഞ്ഞെടുപ്പ് കാലത്ത് മോദി പ്രസംഗിച്ചിരുന്നത്. ഷെഹ്‌സാദ് (രാജകുമാരൻ) എന്നും സ്വർണക്കരണ്ടിയുമായി പിറന്നവൻ എന്നും മോദി രാഹുലിനെതിരെ നേരത്തെ പരിഹാസം അഴിച്ചുവിട്ടിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് രാഹുലിന്റെ പരാമർശങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ കേരള സന്ദർശനത്തിനിടെയും രൂക്ഷവിമർശനമാണ് മോദിക്കെതിരെ രാഹുൽ അഴിച്ചുവിട്ടത്.

മന്മോഹൻസ് സിങ്ങും കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദി അദ്ദേഹത്തെ ഔദ്യോഗിക വസതിയിലേക്ക് പ്രത്യേകം ക്ഷണിച്ചത്. ഇതിന്റെ ചിത്രം മോദി ഉടൻതന്നെ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ സമ്പദ് വ്യവസ്ഥ സംബന്ധിച്ച കാര്യങ്ങളായിരുന്നു ചർച്ച ചെയ്തതെന്നും മോദി വ്യക്തമാക്കിയിരുന്നു. മോദിയുടെ ഈ പ്രതികരണം ഉപയോഗിച്ചാണ് രാഹുലിന്റെ ഇന്നത്തെ പരാമർശം.

ബിജെപിയിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് രാഹുൽ പറഞ്ഞു. ഉൾപാർട്ടി ജനാധിപത്യവും ബഹുസ്വരതയുമാണ് കോൺഗ്രസിന്റെ ശക്തി. ചൈന, ഫ്രാൻസ്, നേപ്പാൾ തുടങ്ങി മംഗോളിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോയി. എന്നാൽ അദ്ദേഹം ഒരു കർഷകനെയോ തൊഴിലാളിയെയോ കണ്ടില്ല. അധികാരത്തിലേറിയപ്പോൾ 100 ദിവസത്തിനകം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നായിരുന്നു ബിജെപി സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. കള്ളപ്പണം ഇതുവരെ തിരികെ എത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആർഎസ്എസ് ആശയങ്ങൾ പഠിപ്പിക്കുന്ന ഇടങ്ങളാക്കി ബിജെപി സർക്കാർ മാറ്റിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് ആശയം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.