ലോകത്തേറ്റവും കൂടുതൽ അംഗങ്ങളുള്ള രാഷ്ട്രീയ സംഘടനയാവുകയെന്ന ലക്ഷ്യത്തിലേക്കാണ് ബിജെപിയുടെ പോക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മറികടന്ന് റെക്കോഡ് സ്വന്തമാക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. എന്നാൽ, ബിജെപി ജനപ്രീതിയിൽ കുതിക്കുമ്പോൾ, ഉള്ള അംഗങ്ങളെ വെട്ടിച്ചുരുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പാർട്ടി അംഗമായി അംഗീകരിക്കപ്പെടണമെങ്കിൽ രണ്ടുവർഷം പ്രവർത്തിച്ച് വിശ്വസ്തത തെളിയിക്കണമെന്ന നിർദ്ദേശമാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നോട്ടുവച്ചിട്ടുള്ളത്.

രണ്ടുതരം അംഗത്വമെന്ന പഴയ ആശയത്തിലേക്ക് മടങ്ങിപ്പോകാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രാഥമിക അംഗങ്ങളും സജീവ അംഗങ്ങളും. പ്രാഥമിക അംഗമായി പാർട്ടിയിൽ ചേരുന്നയാൾ രണ്ടുവർഷത്തോളം പ്രവർത്തിച്ച് പാർട്ടിയോട് കൂറ് പ്രദർശിപ്പിച്ചാൽ മാത്രമേ സജീവ അംഗത്വം ലഭിക്കൂ. എന്നാൽ, 25 പ്രാഥമിക അംഗങ്ങളെ ചേർക്കുന്ന ആർക്കും സജീവ അംഗത്വം നൽകാമെന്ന വ്യവസ്ഥ വേറെയുമുണ്ട്.

പാർട്ടിയോട് വിശ്വസ്തതയുള്ള പ്രവർത്തകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്. അംഗങ്ങളുടെ എണ്ണത്തിലല്ല, ആത്മാർഥമായ പ്രർത്തനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന നിലപാടാണ് രാജീവ് ഗാന്ധിയുടേത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വമ്പൻ തോൽവിക്ക് കാരണം ആത്മാർഥതയുള്ള പ്രവർത്തകരുടെ കുറവാണെന്ന നിരീക്ഷണവും നേതൃത്വത്തിനുണ്ട്.

എന്നാൽ, അംഗത്വത്തെ സംബന്ധിച്ച കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രണ്ടുതരത്തിലുള്ള അംഗത്വം കോൺഗ്രസ്സിന്റെ ചട്ടക്കൂടിനുള്ളിൽ പ്രാവർത്തികമല്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് 2010-ലെ ബുരാരി പ്ലീനറി സമ്മേളനത്തിൽ ഇരട്ട അംഗത്വം ഉപേക്ഷിക്കപ്പെട്ടത്. പഴയ സംവിധാനത്തിലേക്ക് തിരിച്ചുപോകുന്നത് അംഗത്വ കാംപെയിനെ പിന്നോട്ടടിക്കുമെന്നും ഇവർ പറയുന്നു.