രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് പോയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ അവധി നീട്ടിയതായി സൂചന. അവധി അവസാനിപ്പിച്ച് ഇന്ന് ഡൽഹിയിൽ തിരികെ എത്തേണ്ടിയിരുന്ന രാഹുൽ ഇതേവരെ എത്തിച്ചേർന്നിട്ടില്ല. എന്നാൽ ഈ ആഴ്ച അവസാനത്തോടെ തന്നെ രാഹുൽ രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നാണ് കോൺഗ്രസിനോടടുത്ത വൃത്തങ്ങൾ പറയുന്നത്. അമ്മ സോണിയാ ഗാന്ധിയോട് പിണങ്ങിയാണ് രാഹുൽ അവധിയിൽ പ്രവേശിച്ചതെന്നും പ്രചരണം ശക്തമാണ്. അതേസമയം തങ്ങളുടെ നേതാവ് എന്നു വരുമെന്ന് അറിയാതെ കുഴങ്ങുകയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും

ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പാർട്ടിയുടെ ഭാവി പരിപാടികൾ ആലോചിക്കുവാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനുമാണ് രാഹുൽ അവധിയിൽ പ്രവേശിക്കുന്നത് എന്നായിരുന്നു പാർട്ടിയുടെ വിശദീകരണം. എന്നാൽ പാർട്ടിക്കാര്യങ്ങളിൽ സ്വതന്ത്രമായി കൈകടത്താൻ കഴിയാത്തതിലുള്ള നിരാശയാണ് രാഹുലിനെ അവധിയെടുക്കാൻ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. പാർലമെന്റ് സമ്മേളനം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുൽ പാർട്ടിയിൽ നിന്നും അവധിയെടുത്ത് അപ്രത്യക്ഷനായത്. എഐസിസി യോഗം വിളിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അവധി. കേന്ദ്ര സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് പാർട്ടി ഉപാധ്യക്ഷൻ അവധിയിൽ പ്രവേശിച്ചതിൽ പാർട്ടിയിലെ പല നേതാക്കളും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

അതേസമയം രാഹുൽ എവിടെയാണ് അവധി ആഘോഷിക്കുന്നത് എന്നതിനെ സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയും ഇല്ല. രാഹുൽ ഉത്തരാഖണ്ഡിൽ അവധി ആഘോഷിക്കുന്നു എന്ന പേരിൽ ചില ചിത്രങ്ങളും ഈ അവസരത്തിൽ പ്രചരിച്ചു. എന്നാൽ രാഹുൽ എവിടെയാണെന്ന് വ്യക്തമാക്കാൻ പാർട്ടി തയ്യാറായിരുന്നില്ല. ഇന്ത്യയ്ക്ക് പുറത്താണ് രാഹുൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാഹുലിന്റെ അഭാവത്തിൽ കേരളാ സ്പീക്കർ ജി. കാർത്തികേയൻ, മാദ്ധ്യമ പ്രവർത്തകൻ വിനോദ് മേത്ത എന്നിവർ മരിച്ചപ്പോഴും മുലായം സിങ് യാദവ് ആശുപത്രിയിൽ ആയിരുന്നപ്പോഴും രാഹുൽ ഗാന്ധിയെ ഉദ്ദരിച്ച് എ.ഐ.സി.സി. വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. നേരത്തെ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കവേ മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ് രാഹുൽ എത്തിക്കഴിഞ്ഞ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്താൽ എല്ലാം നന്നായി തുടങ്ങാനാകുമെന്ന് പറഞ്ഞിരുന്നു. പാർട്ടിയെ നയിക്കാൻ രാഹുൽ പ്രാപ്തനാണെന്നും എന്നാൽ അദ്ദേഹത്തിന്റെ അഭാവം അണികളെ താത്ക്കാലിമായി ആശയക്കുഴപ്പത്തിലാക്കിയെന്നും കമൽനാഥ് കൂട്ടിച്ചേർത്തിരുന്നു.