അമേഠി: വിദേശയാത്ര കഴിഞ്ഞെത്തിയ രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പാർലമെന്റിന് അകത്തും പുറത്തുമായി പ്രധാനമന്ത്രിയുടെ നയങ്ങളെ ചോദ്യം ചെയ്യുന്ന രാഹുസൽ ഗാന്ധി ഒരിക്കൽ കൂടി മോദിയെ ആക്രമിച്ച് രംഗത്തെത്തി. കേന്ദ്രസർക്കാറിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രംഗത്തെത്തിയത്. സ്വന്തം മണ്ഡലമായ അമേഠി സന്ദർശിച്ച വേളയിലായിരുന്നു രാഹുലിന്റെ വിമർശനം.

ഒരു വർഷം പിന്നിട്ട മോദി സർക്കാർ കർഷകപ്രശ്‌നങ്ങൾ കൈകാര്യംചെയ്യുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ഒരു വർഷം തികഞ്ഞ മോദി സർക്കാറിന് പത്തിൽ പൂജ്യം മാർക്ക് മാത്രമേ നൽകാൻ കഴിയുകയുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ, ചില കോർപ്പറേറ്റുകളോടും വ്യവസായി ലോബികളോടുമുള്ള താത്പര്യത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് പത്തിൽ പത്ത് മാർക്ക് നൽകാമെന്നും പരിഹസിച്ചു.

അമേഠി മണ്ഡലത്തിൽ നേരത്തേ അനുവദിച്ച മെഗാ ഭക്ഷ്യപാർക്ക് പദ്ധതി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെയും രാഹുൽ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. പദ്ധതിപ്രദേശത്തേക്ക് പദയാത്രയായി എത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ ബിജെപി. സർക്കാർ തന്നോട് പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. സമീപത്തെ ജനങ്ങളെയും കർഷകരെയും ഒപ്പംകൂട്ടിയായിരുന്നു രാഹുലിന്റെ പദയാത്ര.

ലോകം മുഴുവൻ യാത്രനടത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്ക് സ്വന്തം നാട്ടിലെ കർഷകർ ആത്മഹത്യചെയ്യുമ്പോൾ ഒരു കർഷകഭവനംപോലും സന്ദർശിക്കാൻ സമയം കിട്ടുന്നില്ല. ഇത് പറഞ്ഞായിരുന്നു ജഗദീഷ്പുരിൽ സംഘടിപ്പിച്ച യോഗത്തിൽ രാഹുൽ പ്രസംഗം തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ അമേഠിയിൽ എത്തിയത്.