അഹമ്മദാബാദ്: ഗുജറാത്തിൽ അരുയും തലയും മുറുക്കി തന്നെയാണ് രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ. മോദിയെ മടയിൽ കയറി നേരിടാൻ ഇറങ്ങിത്തിരിച്ച രാഹുൽ ഗാന്ധി ശരിക്കും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. അദ്ദേഹം നടത്തിയ യാത്രയിൽ തന്നെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്. ഇത്തവണ ശക്തമായ തിരിച്ചു വരവ് തന്നെ കോൺഗ്രസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി അധികാരത്തിൽ തിരിച്ചെത്താനായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ രഹസ്യസേന പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലാണ് ഒടുവിൽ പുറത്തുവന്നത്. ആരാലും തിരിച്ചറിയപ്പെടാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഏതാണ്ട് 40 പേർ രാഹുലിന്റെ രഹസ്യ സേനയിലുണ്ട്. ഈ സംഘത്തിൽ പെട്ട ഒരാളാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

തങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ സംഘത്തലവന് നൽകും. ഈ സംഘത്തലവൻ ഈ വിവരങ്ങൾ രാഹുലിന് എത്തിച്ചുകൊടുക്കുമെന്നും ഇയാൾ പറഞ്ഞു. ഗുജറാത്തിലെ ഓരോ നീക്കങ്ങളും തങ്ങൾ സംഘത്തലവനെ അറിയിക്കാറുണ്ട്. ജനങ്ങളുടെ വികാരം ഏത് രീതിയിലാണെന്ന് പഠിക്കുക, വിവിധ വിഷയങ്ങളിൽ നിലപാടും നയങ്ങളും രൂപീകരിക്കുക ഇതെല്ലാമാണ് നിലവിൽ തങ്ങളുടെ പ്രധാനചുമതല. എന്നാൽ ഇതോടൊപ്പം തന്നെ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ഏറ്റവും മികച്ച 182 സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന നിർദേശവും തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ജനപ്രീതിയില്ലാത്തവർ കോൺഗ്രസ് സ്ഥാനാർത്ഥികളാവാൻ പാടില്ലെന്ന കർശനനിലപാടിലാണ് രാഹുൽ ഗാന്ധിയെന്നും രഹസ്യസേനാംഗം പറഞ്ഞു.

അടുത്തിടെ പഞ്ചാബിലും ഗോവയിലും നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് സമാന രീതിയിലുള്ള രഹസ്യസേനയുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാനായത് മൂലം ഇവിടങ്ങളിൽ മികച്ച വിജയം കൈവരിക്കാനും കോൺഗ്രസിനായി. 22 വർഷം മുമ്പ് കൈവിട്ട ഭരണം തിരികെ പിടിക്കാൻ ഗുജറാത്തിൽ രഹസ്യസേനയുടെ സേവനം ഉപയോഗിക്കാൻ രാഹുൽ നിർദ്ദേശിച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു.

രഹസ്യസേനയിലെ മുതിർന്ന അംഗങ്ങലെ രാഹുൽ തന്നെയാണ് നേരിട്ട് തിരഞ്ഞെടുത്തത്. തുടർന്ന് ഈ അംഗങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളുകളെ കണ്ട്പിടിക്കുകയായിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിന് ഇവർ ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും സർവേ നടത്തിയിരുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ ഭരത് സിങ് സോളങ്കി, അശോക് ഗെലോട്ട് തുടങ്ങിയവർക്ക് ഈ രഹസ്യസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രാഥമിക അറിവുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.