ലക്‌നൗ: അഴിമതി ആരോപണത്തിന്റെ പേരിൽ തന്നെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ ആരോപിച്ച അഴിമതി നടത്തിയോ ഇല്ലയോ എന്ന് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ബുഹ്‌രൈചിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്ക് എത്രവേണമെങ്കിലും തന്നെ പരിഹസിക്കാം. പക്ഷേ, താൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ സത്യമാണോയെന്ന് മറുപടി പറയണം. ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ഇന്ത്യയിലെ യുവത്വമാണ്. മോദി തമാശയായാണ് എന്റെ ചോദ്യങ്ങളെ കണ്ടത്. ഇതുവരെ അതിന് മറുപടി പറയാൻ തയാറായിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മോദി സാധാരണക്കാരായ ജനങ്ങളെ വേദനിപ്പിക്കുകയാണ്. സ്ത്രീകളും പ്രായമായവും ഇതിൽ ഉൾപ്പെടുന്നു. ഞങ്ങൾ പണരഹിത സമ്പദ് വ്യവസ്ഥയ്‌ക്കെതിരല്ല. പക്ഷേ, ഇന്ത്യയെ ചതിക്കാൻ അനുവദിക്കില്ല. മോദി പണക്കാരെ സഹായിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ പാവങ്ങൾക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. എത്ര കള്ളപ്പണക്കാർ ഇപ്പോൾ ജയിലിലായിട്ടുണ്ട്? ഒരാളുപോലും ഇല്ല. ലളിത് മോദിയെയും വിജയ്മല്യയെയും രക്ഷപെടാൻ മോദി സഹായിക്കുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചു.

ദിവസവും കർഷകർ ആത്മഹത്യ ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ, അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കുന്നില്ല. കള്ളപ്പണത്തിന്റെ ആകെ ആറുശതമാനം മാത്രമാണ് പണമായുള്ളത്. ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റിലും വിദേശ ബാങ്കുകളിലും സ്വർണവുമായി ശേഖരിച്ചിരിക്കുകയാണ്. ഇതിനെതിരെ ഒന്നും ചെയ്യാത്ത സർക്കാരാണ് കേന്ദ്രത്തിലേത്. സ്യൂട്ടും കോട്ടും ധരിച്ച ആരെയും എടിഎം കൗണ്ടറുകൾക്ക് മുന്നിൽ കണ്ടിട്ടില്ല. സാധാരണ ജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സഹാറ, ബിർള ഗ്രൂപ്പുകളിൽനിന്ന് പലപ്പോഴായി കോടികൾ കൈപ്പറ്റിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇക്കാര്യം താൻ വെളിപ്പെടുത്തുമെന്ന് അറിയാവുന്നതിനാലാണ് പാർലമെന്റിൽ പ്രധാനമന്ത്രി മുഖംതരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ അഴിമതിസംബന്ധിച്ച് വ്യക്തമായ വിവരം തന്റെ പക്കലുണ്ടെന്നും അത് പാർലമെന്റിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ ഭൂകമ്പമുണ്ടാകുമെന്നും രാഹുൽഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പരിഹാസത്തിലൂടെയാണ് മോദി നേരിട്ടത്. രാഹുൽഗാന്ധി പ്രസംഗിക്കാൻ പഠിച്ചെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രാഹുൽ സംസാരിച്ചപ്പോൾ ഭൂകമ്പം ഉണ്ടായില്ലെന്നും മോദി പരിഹസിച്ചിരുന്നു.