തിരുവനന്തപുരം: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കണ്ടത് രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ പുതിയ മുഖമാണ്. ചുരുങ്ങിയ പക്ഷം ബിജപിയെ ശരിക്കം ഭയപ്പെടുത്താനെങ്കിലും രാഹുലിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചിട്ടുണ്ട്. സങ്കീർണ്ണമായ ഘടകങ്ങളെ കോർത്തിണക്കി കൊണ്ടാണ് രാഹുൽ ഗുജറാത്തിൽ പ്രചരണം നയിച്ചത്. കോൺഗ്രസിന്റെ നിയുക്ത പ്രസിഡന്റ് കൂടിയായതോടെ രാഹുൽ ഓരോ ഘടകങ്ങളിലും വീണ്ടും ഇടപെടൽ നടത്താൻ ഒരുങ്ങുകയാണ്. ഇതോടെ രാഹുലിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രങ്ങളുമായി കേരളത്തിലെ നേതാക്കളും രംഗത്തെത്തികഴിഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപനം ഉജ്ജ്വലമാക്കി ആത്മവിശ്വാസം ഉയർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസും യു.ഡി.എഫും. കോൺഗ്രസിന്റെ അമരത്ത് എത്തുന്ന രാഹുൽ ഗാന്ധിക്ക് മുന്നിൽ കേരളത്തിലെ സംഘടനാശക്തിയും യു.ഡി.എഫിന്റെ കെട്ടുറപ്പും തെളിയിക്കാനുള്ള ആദ്യ അവസരമാണിത്. രാഹുലിനെ പരമാവധി സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുള്ള ആശംസാബോർഡുകൾ ഇത് വ്യക്തമാക്കുന്നു.

തുടക്കത്തിൽ ചില കല്ലുകടികൾ ഉണ്ടായെങ്കിലും പടയൊരുക്കം ചരിത്രസംഭവമാക്കിയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ യോഗം വിലയിരുത്തിയത്. എല്ലാ ജില്ലകളിലും കാര്യമായ ചലനം സൃഷ്ടിച്ചതും അവർ ചൂണ്ടിക്കാട്ടി. യാത്രയുടെ തുടക്കത്തിലാണ് സോളാർ റിപ്പോർട്ട് സമർപ്പണവും തുടർന്നുണ്ടായ വിവാദങ്ങളും. പ്രധാന കോൺഗ്രസ് നേതാക്കൾ പ്രതിക്കൂട്ടിലായ സംഭവം യാത്രയുടെ നിറം കെടുത്തുമെന്ന ധാരണ പടർന്നെങ്കിലും ക്രമേണെ സർക്കാർ പിൻവലിഞ്ഞത് പ്രതിസന്ധി ഒഴിവാക്കി.

തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടിയുള്ള സമരത്തിൽ ചില ആശയക്കുഴപ്പങ്ങൾ നിഴലിച്ചതും ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തെക്കുറിച്ച് പൊടുന്നനെ ചെന്നിത്തല പറഞ്ഞ അഭിപ്രായവും വിവാദങ്ങൾക്ക് വഴിവച്ചു. എങ്കിലും യാത്ര പകുതി നിയോജക മണ്ഡലങ്ങൾ പിന്നിട്ടതോടെ ആശങ്ക അകന്നു. പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ എല്ലാ സൗന്ദര്യപ്പിണക്കങ്ങളും മാറ്റിവച്ച് പരിപാടികളിൽ സജീവമായതും ശ്രദ്ധേയമായി. പടയൊരുക്കത്തിന്റെ സമാപനം കെങ്കേമമാക്കാൻ ഒരുങ്ങുമ്പോഴാണ് ഓഖിദുരന്തം വിലങ്ങുതടിയായത്.

കെപിസിസി പട്ടിക തർക്കങ്ങളില്ലാതെ സമവായത്തിൽ തയ്യാറാക്കണമെന്ന് രാഹുൽ നിർദ്ദേശിച്ചിരുന്നെങ്കിലും അനിശ്ചിതമായി നീണ്ടത് നേതൃത്വത്തിന്റെ മനസിലേറ്റ മുറിവായി. നേതാക്കളുടെ അഭിപ്രായ ഭിന്നതയിൽ തട്ടി പട്ടിക തയ്യാറാക്കൽ വൈകിയത് രാഹുലിനെ ക്ഷുഭിതനാക്കി. കേരളത്തിലെ ചില നേതാക്കളോടെങ്കിലുമുള്ള നീരസം ഡൽഹിയിൽ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. ഈ മുറിവ് ഉണക്കാനുള്ള അവസരവും പടയൊരുക്കത്തിന്റെ സമാപന ത്തിൽ ലഭിച്ചേയ്ക്കും.

വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജനതാദൾ യു.ഡി.എഫ് വിടുമെന്ന പ്രചാരണം ശക്തമാണ്. എന്നാൽ വീരേന്ദ്രകുമാർ ഇത് അംഗീകരിച്ചിട്ടോ നിഷേധിച്ചിട്ടോയില്ല. എന്നാൽ ഇങ്ങനെയൊരു കാര്യം തങ്ങളറിഞ്ഞിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം. പടയൊരുക്കത്തിന്റെ സമാപനവേദിയിൽ പങ്കെടുക്കുന്ന ഘടകകക്ഷി നേതാക്കളുടെ പേരിനൊപ്പം വീരേന്ദ്രകുമാറുമുണ്ട്. അദ്ദേഹം സമ്മേളനത്തിനെത്തുമോ എന്ന ചോദ്യത്തിന് സംശയമൊന്നുമില്ലെന്ന മറുപടിയാണ് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ നൽകിയത്.

പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനത്തിനെത്തുന്ന രാഹുൽ, ഓഖി ദുരന്തപ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദർശിക്കും. ഇന്ന് രാവിലെ 11-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ആദ്യം പൂന്തുറയിലേക്കുപോകും. തുടർന്ന് വിഴിഞ്ഞം തീരം സന്ദർശിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ബേബി ജോൺ ജന്മശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിലാണ് പടയൊരുക്കം സമാപനസമ്മേളനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എംപി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എംപി. വീരേന്ദ്രകുമാർ, എൻ.കെ. പ്രേമചന്ദ്രൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഘടകകക്ഷി നേതാക്കളായ ജോണി നെല്ലൂർ, സി.പി. ജോൺ, ദേവരാജൻ എന്നിവർ പ്രസംഗിക്കും. രാത്രി 7.30-ന് രാഹുൽ ഡൽഹിക്കു മടങ്ങും. കഴിഞ്ഞ ഒന്നിനു നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഓഖി ദുരന്തത്തെത്തുടർന്ന് 14-ലേക്കു മാറ്റിയത്.