ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യാത്രകൾ എപ്പോഴും മറ്റുള്ളവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ്. എട്ടാഴ്ചയോളം അജ്ഞാത കേന്ദ്രത്തിൽ കഴിഞ്ഞശേഷം മടങ്ങിയെത്തിയ രാഹുൽ ഗാന്ധി ഇപ്പോഴിതാ പൊടുന്നനെ അമേരിക്കയ്ക്ക് പോയി. അമേരിക്കൻ യാത്രയുടെ കാരണമായി കോൺഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആഗോള നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ പോയിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ, എന്തുസമ്മേളമാണ് അമേരിക്കയിലെ ആസ്‌പെനിൽ നടക്കുന്നതെന്ന് കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് മാത്രം.

ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനും സിലിക്കൺ വാലിയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് പോകുന്ന അതേസമയത്തുതന്നെയാണ് രാഹുൽ ഗാന്ധിയും അമേരിക്കയിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട്. എന്നാൽ, വിവിധ രാജ്യങ്ങളിലെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും തലവന്മാർ പങ്കെടുക്കുന്ന എന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഏതു സമ്മേളനത്തിനാ് രാഹുൽ പോയിരിക്കുന്നതെന്ന് യാത്ര സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇല്ലെന്ന് മാത്രം. മാത്രമല്ല, എത്രനാൾ അമേരിക്കയിലുണ്ടാകുമെന്നും സൂചനയില്ല.

രാഹുലിന്റെ അമേരിക്കൻ യാത്ര രോഗശയ്യയിൽ കഴിയുന്ന അമ്മൂമ്മയെ കാണാനാണെന്ന് ചില കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു. കോൺഗ്രസ് വക്താവ് സുർജേവാല ഹ്രസ്വമായ സ്വകാര്യ സന്ദർശനത്തിനുവേണ്ടിയാണ് രാഹുൽ പോയതെന്ന് പറഞ്ഞിരുന്നു. രാഹുൽ എത്രയും പെട്ടെന്ന് വിദേശത്തുനിന്ന് തിരിച്ചെത്തുമെന്നും ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുമെന്നും സുർജേവാല പറഞ്ഞു. അതിനിടെ രാഹുൽ ലണ്ടനിലേക്ക് പറന്നതായാണ് ചില പ്രമുഖ ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഒന്നിനും സ്ഥിരീകരണമില്ല. രാഹുലിന്റെ വിദേശ പര്യടനത്തെക്കുറിച്ച് ഔദ്യോഗ പരാമർശം നടത്താൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.

ബീഹാറിലെ തിെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുന്ന നാളുകളിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അമേരിക്കയ്ക്ക് പോയത് പലരുടെയും വിമർശനത്തിന് വഴിവച്ചിട്ടുണ്ട്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് രാഹുൽ 56 ദിവസത്തെ അജ്ഞാത വാസത്തിന് പോയത്. ഇതും സമാനമായ യാത്രയാണോ എന്ന സംശയമാണ് അണികൾ ഉയർത്തുന്നത്. എത്രനാളത്തെ സന്ദർശനത്തിനായാണ് രാഹുൽ വിദേശത്തേയ്ക്ക് പോയതെന്നും വ്യക്തമല്ല.

പാർലമെന്റിൽ ബജറ്റ് ചർച്ചകൾ നടക്കുന്നതിന് ഇടയിൽ ഫെബ്രുവരി 23നാണ് രാഹുൽ അവസാനമായി പാർട്ടിയിൽനിന്നും അവധിയെടുത്ത് വിദേശത്തേയ്ക്ക് കടന്നത്. എവിടേയ്ക്കാണ് പോയതെന്നോ, വിദേശ സന്ദർശനത്തിന്റെ ലക്ഷ്യമെന്തെന്നോ പ്രതികരിക്കാൻ പാർട്ടി നേതൃത്വം അന്നും തയ്യാറായിരുന്നില്ല. രാഹുലിന്റെ അസാന്നിധ്യം മുതലാക്കിയ ബിജെപി അവസരം നന്നായി വിനിയോഗിച്ചിരുന്നു. നേതാക്കൾക്ക് പോലും വ്യക്തമായ ധാരണയില്ലാതെ നടന്ന രാഹുലിന്റെ വിദേശ പര്യടനം പാർട്ടിക്കിടയിലും നേരിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചു.

ഇതിനിടയിൽ രാഹുലിന്റേതെന്ന പേരിൽ ചില ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിച്ചതും കോൺഗ്രസിന് തലവേദനയായി. ഒടുവിൽ രണ്ട് മാസത്തിന് ശേഷം ഏപ്രിൽ 17നാണ് രാഹുൽ ഡൽഹിയിൽ മടങ്ങിയെത്തിയിരുന്നത്.