ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപി മാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർ പിന്നീട് മാർച്ച് അവസാനിപ്പിച്ചു.

എ.ഐ.സി.സി. ഓഫീസിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് അക്‌ബർ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് നിരത്ത് മാർച്ച് പൊലീസ് തടയുകയായിരുന്നു. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ ഉൾപ്പടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രപതിയെ കാണാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് എംപിമാർ അക്‌ബർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മാർച്ചിന് ഡൽഹി പൊലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കോൺഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിക്കുകയും ചെയ്തു. രാഹുലിന്റെ നേതൃത്വത്തിലേക്കുള്ള കുറച്ചുപേർക്ക് രാഷ്ട്രപതിയെ കാണാമെന്നും അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.30-നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനിരുന്നത്. വിജയ് ചൗക്കിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാർച്ച് എ.ഐ.സി.സി. ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് ചൗക്കിലേക്കെത്തി, ഇവിടെനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതി.

കേരളത്തിൽനിന്ന് ശശി തരൂർ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരാണ് കേരളത്തിൽ നിന്ന് മാർച്ചിൽ പങ്കെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് എംപി.മാർ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയിരുന്നു.