ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, ഒരു മാസത്തിനുള്ളിൽ കോൺഗ്രസ് അധ്യക്ഷനാകും. അമ്മയും എഐസിസി അധ്യക്ഷയുമായ സോണായ ഗാന്ധിയുടെ ആരോഗ്യ നില കൂടി പരിഗണിച്ചാണ് ഇത്. സോണിയ ഇനി സജീവമായി രാഷ്ട്രീയത്തിൽ ഇടപെടില്ല. ഈ സാഹചര്യത്തിലാണ് അധികാര കൈമാറ്റം.

രാഹുലിനെ അധ്യക്ഷനാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഐകകണ്‌ഠ്യേന ശുപാർശചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. ഡിസംബറിനുമുമ്പ് തീരുമാനം ഉണ്ടായേക്കും.തിങ്കഴാഴ്ച എ.ഐ.സി.സി. ആസ്ഥാനത്ത് രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽചേർന്ന യോഗം നാല് മണിക്കൂറോളം നീണ്ടു. ആരോഗ്യകാരണങ്ങളാൽ സോണിയ പങ്കെടുത്തിരുന്നില്ല.

ആദ്യമായാണ് രാഹുൽ പ്രവർത്തകസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയാണ് രാഹുൽ അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. പ്രവർത്തകസമിതിയിലെ മറ്റ് അംഗങ്ങൾ ഇതിനെ പിന്താങ്ങി. മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻസിങ്ങാണ് ഈ നിർദേശത്തെ പിന്താങ്ങി. ഇതിന് ശേഷം തീരുമാനം സോണിയാ ഗാന്ധിയെ ആന്റണി നേരിട്ട് അറിയിക്കുകയും ചെയ്തു. സോണിയയും തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. ഇതോടെ രാഹുൽ ഉടൻ പാർട്ടി പ്രസിഡന്റാകുമെന്ന് ഉറപ്പായി. 46കാരനായ രാഹുൽഗാന്ധിയെ 2013 ജനവരിയിൽ ജയ്പുരിൽ ചേർന്ന കോൺഗ്രസ് ചിന്തൻ സമ്മേളനത്തിലാണ് ഉപാധ്യക്ഷനായി പ്രഖ്യാപിച്ചത്.

പ്രവർത്തകസമിതിയുടെ ശുപാർശ സോണിയാഗാന്ധി അംഗീകരിച്ചശേഷം വീണ്ടും പ്രവർത്തകസമിതി ചേർന്നുവേണം രാഹുൽഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കാൻ. പിന്നീട് എ.ഐ.സി.സി. സമ്മേളനം തീരുമാനത്തിന് അംഗീകാരം നൽകണം. രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവർത്തകസമിതിയിൽ ശക്തമായ വികാരം ഉയർന്നതായി യോഗശേഷം പത്രസമ്മേളനത്തിൽ പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. സമിതി ഒരേസ്വരത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അറിയിച്ചു.

കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കെതിരെയും ജനങ്ങളെ അണിനിരത്തേണ്ട സമയമാണിത്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിന് ഇതിന് കഴിയും അദ്ദേഹം പറഞ്ഞു.പാർട്ടിയും പ്രവർത്തകസമിതിയും ഏല്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് യോഗത്തിൽ രാഹുൽ വ്യക്തമാക്കിയതായി കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല പറഞ്ഞു.