ന്യൂഡൽഹി: ഒടുവിൽ അവധി മതിയാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചുവരുന്നു. ബുധനാഴ്ച എത്തുന്ന രാഹുൽ പിന്നീട്‌ ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന കർഷറാലിയെ അഭിസംബോധന ചെയ്യും. മുതിർന്ന നേതാവ് എ കെ ആന്റണിയാണു ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യമറിയിച്ചത്.

രാഹുൽ അവധിയെടുത്തത് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പായിരുന്നു. അതിനുശേഷം ഇതുവരെ രാഹുൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആദ്യം പത്തു ദിവസത്തിനു ശേഷം മടങ്ങിയെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു തവണ അവധി നീട്ടുകയായിരുന്നു.

എന്നാൽ രാഹുൽ എവിടെയാണ് എന്നതു സംബന്ധിച്ചു ഇതുവരെ സൂചനകളൊന്നും കോൺഗ്രസ് നൽകിയിരുന്നില്ല. രാഹുൽ സുഖവാസത്തിലാണെന്നും ധ്യാനത്തിലാണെന്നുമുള്ള അഭ്യൂഹങ്ങൾ വിവിധ കോണുകളിൽ നിന്നുണ്ടായെങ്കിലും സ്ഥിരീകരണമുണ്ടായില്ല.

പാർലമെന്റിന്റെ നിർണായകമായ ബജറ്റ് സമ്മേളനത്തിൽ നിന്നും രാഹുൽ വിട്ടുനിന്നത് പാർട്ടിക്കുള്ളിൽ നിന്നു തന്നെ പ്രതിഷേധമുയരാൻ കാരണമായിരുന്നു. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവും ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെയുള്ള പ്രതിഷേധവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതൃത്വം. രണ്ടുമാസത്തോളമായി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് അജ്ഞാത വാസത്തിൽ കഴിയുന്ന രാഹുൽ ഗാന്ധി കർഷക റാലിക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഒരു മുതിർന്ന നേതാവ് ഇതു സ്ഥിരീകരിച്ച് വാർത്താസമ്മേളനം നടത്തിയത്.

കർഷക റാലിയിൽ രാജ്യമെമ്പാടുംനിന്നും ലക്ഷക്കണക്കിന് പ്രവർത്തകരെ അണിനിരത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ലക്ഷങ്ങൾ റാലിയിൽ അണിചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്.