ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീങ്ങുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തിൽ തിരിച്ചെത്താമെന്ന മോഹം പാളിയെന്ന് മാത്രമല്ല അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ പാർട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു.ഞെട്ടിക്കുന്ന തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോഴിത തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽഗാന്ധി.തോൽവിയിൽ നിന്നും പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രതികരണം.

 

തോൽവിയിൽ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 'ജനവിധി വിനയപൂർവ്വം സ്വീകരിക്കുക. ജനവിധി നേടിയവർക്ക് ആശംസകൾ. കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി. ഞങ്ങൾ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പാർട്ടിയുടെ തോൽവി പാഠമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.കനത്ത പരാജയം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ഒന്നും വലിയ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല. എന്നാൽ അതേ സമയം കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റലിൽ വന്ന ട്വീറ്റ് വൈറലായി. രാഹുലിന്റെ വാക്കുകളാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ട്വീറ്റിൽ ഉള്ളത്.

'ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങൾ എന്ത് ചെയ്താലും എനിക്ക് പേടിയില്ല' - രാഹുലിന്റെ ഈ വാക്കുകളാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.അതേസമയം തോൽവി പരിശോധിക്കാൻ സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തക സമിതി വിളിക്കും.അടിയന്തര പ്രവർത്തക സമിതി ഉടൻ ചേരും.

 

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാൻ അവകാശവാദമുന്നയിക്കാൻ പോലും കെൽപ്പില്ലാതെയാവുകയാണ് കോൺഗ്രസ്. അതിലേറെ തിരിച്ചടിയായത് പഞ്ചാബിലെ ഭരണം നഷ്ടമായതാണ്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലംതൊട്ടില്ല. ഭരിച്ചതിന്റെയും നയിച്ചതിന്റെയും തഴമ്പ് മാത്രം ബാക്കിയാകുന്ന പാർട്ടിയായി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് മാറുന്നു.ഇന്ത്യയിൽ ഇനി കോൺഗ്രസ് പാർട്ടി അധികാരത്തിൽ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.

രാജസ്ഥാനും ചത്തീസ്ഗഢും കഴിഞ്ഞാൽ മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി മുന്നണിസഖ്യത്തിന്റെ ഭാഗമായി അധികാരത്തിലുണ്ട്. ജാർഖണ്ഡ് മുക്തിമോർച്ചയുമായുള്ള സഖ്യത്തിൽ ജാർഖണ്ഡും ശിവസേന - എൻസിപി സഖ്യത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും, ഡിഎംകെ സഖ്യത്തിൽ തമിഴ്‌നാട്ടിലുമാണ് പാർട്ടിക്ക് അധികാരമുള്ളത്.

പാർട്ടിക്ക് ഇപ്പോൾ വന്നു നിൽക്കുന്ന ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമായും ഗാന്ധികുടുംബത്തിന് തന്നെയാണ് എന്നതിൽ സംശയമില്ല. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികേന്ദ്രമായിട്ടും ഒന്നരപതിറ്റാണ്ടിലേറെയായി പാർട്ടി നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും കാണാൻ നേതൃത്വത്തിനായിട്ടില്ല. ഇപ്പോൾ അധികാരത്തിലുള്ള രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കം രൂക്ഷമാണ്. മധ്യപ്രദേശിൽ കമൽനാഥുമായി ഇടഞ്ഞ ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായി.

പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും രാഹുൽ തന്നെയാണ് ഇപ്പോഴും പാർട്ടിയുടെ അവസാനവാക്ക്. ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്കും യുപിയിൽ അഞ്ച് വർഷം പാർട്ടിയെ നയിച്ച പ്രിയങ്ക ഗാന്ധിക്കും നിലവിലെ പരാജയത്തിൽ തുല്യ ഉത്തരവാദിത്തമുണ്ട്. യുപിയിലെ വലിയ പരാജയത്തോടെ പ്രിയങ്കയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്ന നിലയാണ്.

കരുത്തും സ്ഥിരതയുമുള്ള ഒരു നേതാവ് മോദിക്ക് നേരെ നിൽക്കാൻ തയ്യാറായാൽ അയാൾക്ക് പിന്നിൽ ഒരു പ്രതിപക്ഷ ഐക്യനിര രൂപപ്പെടും എന്നതിൽ സംശയമില്ല. നാൾക്കുനാൾ തകരുന്ന കോൺഗ്രസിനോ രാഹുൽ ഗാന്ധിക്കോ ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ പറ്റില്ലെന്ന് കഴിഞ്ഞ എട്ട് വർഷം കൊണ്ട് വ്യക്തമായിട്ടുണ്ട്.ഈ കാര്യം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം