ചെന്നൈ: ജല്ലിക്കെട്ട് കാണാൻ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെത്തി. ജല്ലിക്കെട്ടിന്റെ പ്രധാന കേന്ദ്രമായ മധുരയിലെ അവണിയപുരത്താണ് രാഹുൽ ​ഗാന്ധി എത്തിയത്. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് രാഹുൽ ​ഗാന്ധി ജല്ലിക്കെട്ട് കണ്ടത്.

തമിഴ്‌നാടിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാനാണ് താൻ എത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്ജനതയുടെ ചരിത്രവും സംസ്‌കാരവും കാത്തുസൂക്ഷിക്കേണ്ടത് തന്റെ കൂടി കടമയാണെന്നും രാഹുൽ വ്യക്തമാക്കി. രാഹുലിന്റെ സന്ദർശനം ആവേശം പകരുന്നതെന്ന് ഉദയനിധി സ്റ്റാലിനും അഭിപ്രായപ്പെട്ടു.അടുത്തുതന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് തമിഴ്‌നാട്ടിൽ. ഈ സാഹചര്യത്തിലാണ് ജല്ലിക്കെട്ട് കാണാനുള്ള രാഹുലിന്റെ വരവ് ശ്രദ്ധേയമാകുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രത്യേക വികരമായ ജല്ലിക്കെട്ട് വീക്ഷിക്കുന്നതിനൊപ്പം, സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിടുക കൂടി രാഹുൽ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോർട്ട്.

നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന വേളയിൽ, രാഹുൽ കാർഷിക വിനോദമായ ജല്ലിക്കെട്ട് കാണാനെത്തുന്നത്, കർഷകരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കൽ കൂടിയാണെന്ന് തമിഴ്‌നാട് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ എസ് അളഗിരി പറഞ്ഞു. കാളകൾ കർഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണെന്ന് അളഗിരി പറഞ്ഞു.

നാല് ദിനം നീണ്ടു നിൽക്കുന്ന പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായാണ് തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് അരങ്ങേറുന്നത്. ശൈത്യകാല കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷത്തിൽ പാഞ്ഞോടുന്ന കൂറ്റൻ കാളയെ ആളുകൾ മെരുക്കാൻ ശ്രമിക്കുന്ന കായിക വിനോദമാണ് ജല്ലിക്കെട്ട്. തുടക്കകാലങ്ങളിൽ അനുയോജ്യനായ വരന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങായാണ് ഇതുകൊണ്ടാടപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. കാളക്കൂറ്റനെ മെരുക്കിയെത്തുന്ന ആളുകൾക്ക് വധുവിനെ നേടാം.നാണയക്കിഴി എന്നർഥം വരുന്ന 'സല്ലി കാസ്' എന്ന വാക്കിൽ നിന്നാണ് ജല്ലിക്കെട്ട് എന്ന വാക്ക് ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. 2011 ൽ യുപിഎ സർക്കാരിന്റെ കാലത്ത് ജയറാം രമേശ് കേന്ദ്ര പരിസ്ഥിതിമന്ത്രിയായിരിക്കെയാണ് കാളകളെ ഉപയോഗിച്ചുള്ള വിനോദങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.