ന്യൂഡൽഹി: രണ്ടുമാസത്തോളം നീണ്ട അജ്ഞാതവാസത്തിനൊടുവിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മടങ്ങിയെത്തി. ഡൽഹിയിൽ മടങ്ങിയെത്തിയെന്നും ഇല്ലെന്നുമുള്ള വാർത്തകൾ പരക്കുന്നതിനിടെയാണ് രാഹുൽ ഡൽഹിയിൽ മടങ്ങിയെത്തിയത്. ബാങ്കോക്കിൽ നിന്നുള്ള തായ് എയർവേസിൽ രാവിലെ 11.15നാണ്‌ രാഹുൽ മടങ്ങിയെത്തിയത്. രാഹുലിന്റെ വരവ് അറിഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും രാവിലെ അദ്ദേഹത്തിന്റെ ഓദ്യോഗിക വസതിയിലെത്തി.

57 ദിവസത്തെ അജ്ഞാതവാസത്തിനുശേഷമാണ് രാഹുൽ ഡൽഹിയിൽ മടങ്ങിയെത്തിയത്. എന്നാൽ, ഇപ്പോഴും ഈ രണ്ടുമാസവും രാഹുൽ എവിടെയായിരുന്നുവെന്ന് ആർക്കും ഒരുപിടിയുമില്ല എന്നതാണു വാസ്തവം.

അവധിയവസാനിപ്പിച്ച് ഇന്നലെത്തന്നെ രാഹുൽ തിരിച്ചെത്തുമെന്നും ഞായറാഴ്ച ബിജെപി സർക്കാരിനെതിരെ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി 11ന് ഡൽഹിയിൽ രാഹുൽ എത്തി എന്ന തരത്തിൽ ഹിന്ദി വാർത്താചാനലുകൾ വാർത്ത നൽകിയിരുന്നു. എന്നാൽ ഇതു നിഷേധിച്ച് കോൺഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു.

വിയറ്റ്‌നാമിലായിരുന്നു രാഹുൽ എന്ന നിലയ്ക്കാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. രാഹുൽ ഇന്നലെ മടങ്ങിയെത്തുമെന്ന് മുതിർന്ന നേതാവായ എ കെ ആന്റണി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച എത്തുന്ന രാഹുൽ ഞായറാഴ്ച കർഷകരുടെ റാലിയിൽ പങ്കെടുക്കുമെന്ന് എ കെ ആന്റണി അറിയിച്ചിരുന്നു.

രാഹുൽ അവധിയെടുത്തത് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പായിരുന്നു. അതിനുശേഷം ഇതുവരെ രാഹുൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആദ്യം പത്തു ദിവസത്തിനു ശേഷം മടങ്ങിയെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു തവണ അവധി നീട്ടി. രാഹുൽ സുഖവാസത്തിലാണെന്നും ധ്യാനത്തിലാണെന്നുമുള്ള അഭ്യൂഹങ്ങൾ വിവിധ കോണുകളിൽ നിന്നുണ്ടായെങ്കിലും സ്ഥിരീകരണമുണ്ടായില്ല.

പാർലമെന്റിന്റെ നിർണായകമായ ബജറ്റ് സമ്മേളനത്തിൽ നിന്നും രാഹുൽ വിട്ടുനിന്നത് പാർട്ടിക്കുള്ളിൽ നിന്നു തന്നെ പ്രതിഷേധമുയരാൻ കാരണമായിരുന്നു. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവും ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെയുള്ള പ്രതിഷേധവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതൃത്വം. കർഷക റാലിയിൽ രാജ്യമെമ്പാടുംനിന്നും ലക്ഷക്കണക്കിന് പ്രവർത്തകരെ അണിനിരത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ലക്ഷങ്ങൾ റാലിയിൽ അണിചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസ് പാർട്ടിയെ മുന്നിൽ നിന്നു നയിക്കേണ്ട സമയത്തായിരുന്ന രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി അവധിയിൽ പോയത്. സ്വന്തം ലോക്‌സഭ മണ്ഡലമായ അമേഠിയിൽ നിന്നു രണ്ട് മാസത്തോളം രാഹുൽ വിട്ടുനിന്നതു പ്രവർത്തകരുടെ അമർഷത്തിനും പരസ്യ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടർന്ന് സോണിയ ഗാന്ധി തന്നെ നേരിട്ടെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.