ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാഹുൽ ട്രാക്ടറോടിച്ച് എത്തിയത്.

'കേന്ദ്രത്തിനെ സംബന്ധിച്ച് എല്ലാ കർഷകരും സന്തോഷത്തിലാണ്. പാർലമെന്റിന് പുറത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളാണ്. എന്നാൽ യാഥാർത്ഥ്യത്തിൽ കർഷകരുടെ അവകാശങ്ങൾ തട്ടിയെടുക്കപ്പെട്ടിരിക്കുകയാണ്.'- രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

 


കാർഷിക നിയമങ്ങൾക്ക് എതിരെ കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് രാഹുൽ ട്രാക്ടറിൽ എത്തിയിരിക്കുന്നത്. നേരത്തെ, കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ പഞ്ചാബിലും ഹരിയാനയിലും കേരളത്തിലും ട്രാക്ടർ റാലി നടത്തിയിരുന്നു.