ന്യൂഡൽഹി: ദേശീയ തലത്തിൽ മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞിരക്കയാണ്. ഗുജറാത്തിൽ പരീക്ഷിച്ച് വിജയിച്ച സംവിധാനം മറ്റ് സംസ്ഥാനങ്ങളിലും പയറ്റാനാണ് അദ്ദേഹത്തിന്റെ നീക്കം. അതുകൊണ്ട് തന്നെ കേരളത്തിലെ അടക്കം രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തൽ നടത്തുകയാണ് അദ്ദേഹം. അടുത്തിടെ ജെഡിയു ഇടതുമുന്നണിയിലേക്ക് ചേക്കേറിയ സാഹചര്യത്തിൽ ഇടഞ്ഞു നിൽക്കുന്ന കെ എം മാണിയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന നിലപാടിലാണ് രാഹുൽ. മുന്നണിയെ ശക്തിപ്പെടുത്താൻ കെ എം മാണി ഒപ്പം വേണമെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ മാണി മറുകണ്ടം ചാടാതിരിക്കാൻ രാഹുൽ തന്നെ മുൻകൈയെടുക്കം.

മുന്നണികളോടു സമദൂരം പുലർത്തുന്ന കേരള കോൺഗ്രസിനെ (എം) കൂടെ നിർത്താനുള്ള സാധ്യതകളാണ് രാഹുൽ ആരായുന്നത്. കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലേക്കു പോകുന്നതു തടയാൻ എന്തു ചെയ്യാനാവുമെന്നു രാഹുൽ അഭിപ്രായം ചോദിച്ചതായി അദ്ദേഹത്തെ സന്ദർശിച്ച മുതിർന്ന നേതാക്കളിലൊരാൾ പറഞ്ഞു. ആവശ്യമെങ്കിൽ കേരള കോൺഗ്രസുമായി നേരിട്ടു ചർച്ച നടത്താനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.

ലോക്‌സഭാംഗമെന്ന നിലയിൽ ജോസ് കെ. മാണിയോടുള്ള വ്യക്തിപരമായ അടുപ്പം, ചർച്ചകൾ സുഗമമാക്കുമെന്ന പ്രതീക്ഷയും രാഹുലിനുണ്ട്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുമായി ചർച്ച നടത്താൻ രാഹുലിന് താൽപ്പര്യമുണ്ടെന്നാണ് സൂചന. കെ.എം. മാണിയും കേരള കോൺഗ്രസും യുഡിഎഫിൽ തിരിച്ചെത്തിയില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിനു പകരം അവരെ തിരികെയെത്തിക്കുന്നതിനു ശ്രമം നടത്താനാണു കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനു താൽപര്യം. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയുടെ അഭിപ്രായം തേടിയ ശേഷമാവും തുടർനടപടികൾ.

ജനതാദൾ (യു) മുന്നണി വിട്ടതിൽ രാഹുലിന് അതൃപ്തിയുണ്ട്. മുന്നണി വിടാനുള്ള സാധ്യത തെളിഞ്ഞപ്പോൾ പോലും അവരുമായി കാര്യമായ ചർച്ചകൾ നടത്താനോ പ്രശ്‌നങ്ങൾ പരിഹരിക്കാനോ ശ്രമമുണ്ടാകാത്തതിലും അദ്ദേഹം അസന്തുഷ്ടനാണ്. ഇടതു മുന്നണിയിലേക്കു പോകുന്നതിനോടു താൽപര്യമില്ലാത്ത ജനതാദൾ നേതാക്കളെ കൂടെനിർത്താനും സംസ്ഥാനത്തു ശ്രമമുണ്ടായില്ല. ഒൻപതു വർഷത്തെ ബന്ധത്തിനു ശേഷമാണു ജനതാദൾ (യു) യുഡിഎഫ് വിട്ടത്. പ്രത്യക്ഷത്തിൽ യുഡിഎഫിനെതിരെ നിലപാടൊന്നുമെടുക്കാതെ മുന്നണിയുടെ ഭാഗമായി തുടർന്ന ശേഷമായിരുന്നു അത്. യുഡിഎഫ് നൽകിയ സീറ്റ് രാജിവച്ച് വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭാ തിരഞ്ഞെടുപ്പിനു കളമൊരുക്കുകയും ചെയ്തു.

അതേസമയം യു.ഡി.എഫിലേക്കുപോകാൻ ആലോചനയില്ലെന്ന് മാണി എംഎ‍ൽഎ. രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. നിലവിൽ എല്ലാ മുന്നണികളുമായും സമദൂരമാണ്. അത് തുടരും. കേരള കോൺഗ്രസ് (എം) ഒരു സമീപനരേഖ തയ്യാറാക്കും. വികസനം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചാണിത്. രേഖയുമായി യോജിക്കുന്ന രാഷ്ട്രീയകക്ഷികളുമായി ഒത്തുപോകും. യു.ഡി.എഫിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ട്. മുന്നണിപ്രവേശനം അജൻഡയിലില്ല. മുന്നണിപ്രവേശനത്തിന് ആരുമായും ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസിനോട് വിരോധമില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലപാട് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കെ എം മാണി അടവുനയം വ്യക്തമാക്കും. ഇടതു മുന്നണിയെ സഹായിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയോ മറ്റോ ആകും മാണി രംഗത്തെത്തുക. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയാണ് കെ എം മാണിയെ വീണ്ടും യുഡിഎഫിന്റെ ഭാഗമാക്കാൻ വേണ്ടി ശക്തമായി രംഗത്തുള്ളത്.