ലഖ്നൗ:രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചക്കുള്ള മറുപടിയിൽ മന്മോഹൻ സിങ്ങിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. കുളിമുറിയിൽ ഒളിഞ്ഞു നോക്കാനാണ് മോദിക്ക് താൽപര്യമെന്ന് രാഹുൽ ഗാന്ധി കളിയാക്കി. ഗൂഗിളിലും സെർച്ച് ചെയ്യൽ തന്നെയാണ് മോദിയുടെ പരിപാടിയെന്നും രാഹുൽ വിമർശിച്ചു.മന്മോഹൻ സിങിനെതിരായ റെയിൻകോട്ട് പരാമർശത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗതെത്തിയത്.

ലക്നൗവിൽ എസ്‌പി-കോൺഗ്രസ് സഖ്യത്തിന്റെ പത്തിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു രാഹുൽഗാന്ധി. 'ആളുകളുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കലാണ് നമ്മുടെ പ്രധാനമന്ത്രിയുടെ പ്രധാന ഇഷ്ടം അദ്ദേഹത്തെ അത് ചെയ്യാൻ അനുവദിച്ചേക്കു. ഈ തെരഞ്ഞെടുപ്പ് അദ്ധേഹത്തെ നല്ലൊരു പാഠം പഠിപ്പിക്കും' മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം ഭരിക്കാനാണ് അദ്ധേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത് അതിനു പകരം എപ്പോഴും ഗൂഗിളിൽ തിരഞ്ഞ് വിനോദം കണ്ടെത്തുകയാണ് മോദി ഇപ്പോൾ ചെയ്യുന്നതെന്നും രാഹുൽ കുറ്റപെടുത്തി.

അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ചേർന്നാണ് യുപി തെരഞ്ഞെടുപ്പിനുള്ള പത്തിന പരിപാടി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മൻ കി ബാത് മാത്രമേ നടത്തുന്നുള്ളുവെന്നും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുകയാണെന്നും അതിൽ പ്രധാനമന്ത്രി ഒന്നും പറയുന്നില്ലന്നും രാഹുൽ ഗാന്ധി കുറ്റപെടുത്തി. സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് വാചാലനാകുന്ന നരേന്ദ്രമോദി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം മറന്നുവെന്നും രാഹുൽഗാന്ധി പറഞ്ഞു.

'മഴക്കോട്ട് ധരിച്ച് കുളിക്കുന്ന മന്മോഹൻ സിങ്ങിൽ നിന്നും രാഷ്ട്രീയ നേതാക്കൾക്ക് ഏറെ പഠിക്കാനുണ്ടെന്നായിരുന്നു മോദിയുടെ പരിഹാസം. ഗൂഗിളിൽ തിരയുകയാണെങ്കിൽ ഏറ്റവും കൂടുതൽ അധികം മണ്ടത്തരങ്ങൾ നടത്തിയയാൾ രാഹുൽ ഗാന്ധിയാണെന്നും മോദി പരിഹസിച്ചിരുന്നു.