ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സഹാറ ഗ്രൂപ്പിൽ നിന്നു മോദി കോഴയായി വാങ്ങിയതു ദശകോടികളാണെന്നു രാഹുൽ പറഞ്ഞു.

ഒമ്പതു തവണയായാണു പണം കൈമാറിയത്. 2013ൽ 10 കോടി മൂന്നു തവണയായി കൈമാറി. 2014ൽ കൈമാറിയതു 15 കോടിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

40 കോടിയിലേറെ രൂപയാണു മോദിക്കു സഹാറ ഗ്രൂപ്പു നൽകിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണു കോഴ കൈമാറിയത്. ആദായനികുതിവകുപ്പു നടത്തിയ റെയ്ഡിൽ ഇതുസംബന്ധിച്ച രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഈ തെളിവുകൾ തന്റെ പക്കലുണ്ടെന്നും രാഹുൽ പറഞ്ഞു.

2013 ഒക്ടോബർ 30ന് 2.5 കോടി രൂപയാണു മോദിക്കു കൈമാറിയത്. നവംബർ 12ന് അഞ്ചുകോടി രൂപ കൈമാറി. നവംബർ 27നു വീണ്ടും രണ്ടരക്കോടിയാണു നൽകിയത്. നവംബർ 29ന് അഞ്ചുകോടി രൂപയും കൈമാറി. ഡിസംബർ ആറിനും ഡിസംബർ 19നും 2014 ജനുവരി 13നും അഞ്ചു കോടി രൂപ വീതം കൈമാറിയതായും രേഖകളുണ്ട്. 2014 ജനുവരി 28നും ഫെബ്രുവരി 22നും അഞ്ചു കോടി രൂപ വീതം പിന്നെയും കൈമാറിയിട്ടുണ്ടെന്നും രാഹുൽ ആരോപിക്കുന്നു.

2014 മെയിലാണു നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. ഇത്തവണ പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ സമയത്തു രാഹുൽ മോദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മോദി നേരിട്ട് അഴിമതിയിൽ പങ്കാളിയായെന്നായിരുന്നു രാഹുലിന്റെ വാദം. പാർലമെന്റിൽ തന്നെ സംസാരിക്കാൻ അനുവദിച്ചാൽ രാജ്യത്തു 'ഭൂകമ്പം' ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലിനു പാർലമെന്റിൽ സംസാരിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. അതിനു പിന്നാലെ രാഹുൽ പറയുന്നതു വെറും വിഡ്ഢിത്തമാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. രാഹുൽ ഗാന്ധിയെ പരിഹസിക്കാനും ബിജെപി സമയം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാഹുൽ ഗാന്ധിയിപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.