- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ല; അംബാനിയും അദാനിയും എന്ന ഇരട്ട എ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്; പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്; പാർലമെന്റിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ശക്തമായ വിമർശനവുമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ ദുർബലമായിരിക്കുന്നുവെന്നും രാജ്യത്ത് സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണ്. 'ഇപ്പോൾ രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ. ഇരു ഇന്ത്യകളും തമ്മിലെ അന്തരം അനുദിനം വർധിച്ചു വരികയാണ്'- രാഹുൽ കൂട്ടിച്ചേർത്തു. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ല. ഇന്ത്യയെ ഭരണഘടനയിൽ വിശേഷിപ്പിക്കുന്നത് ഒരു രാജ്യമായിട്ടല്ല, സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ്. ഒരാൾക്ക് മാത്രമായിട്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങളെ ഭരിക്കാൻ സാധിക്കില്ല. വ്യത്യസ്ത ഭാഷകളേയും സംസ്‌കാരങ്ങളേയും അടിച്ചമർത്താൻ സാധിക്കില്ല. ഇതൊരു കൂട്ടായ്മയാണ്, രാജഭരണമല്ല. രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.
1947ൽ രാജഭരണം എന്ന ആശയത്തെ കോൺഗ്രസ് തകർത്തു. എന്നാൽ ഇപ്പോൾ അത് വീണ്ടും തിരിച്ചു വന്നിരിക്കുന്നു. കേന്ദ്രത്തിൽ നിന്നുള്ള വടി കൊണ്ട് ഇന്ത്യ ഭരിക്കാം എന്ന കാഴ്ചപ്പാടാണ് നിലവിലുള്ളത്. എന്നാൽ സംഭവിക്കുന്നത് എന്താണെന്ന് വച്ചാൽ ആ വടി ഓരോ തവണയും ഒടിയുന്നതായിട്ടാണ്.
നിങ്ങൾ മെയ്ക് ഇൻ ഇന്ത്യയെ പറ്റി സംസാരിക്കുന്നു. ചെറുകിട, മധ്യ വ്യവസായങ്ങൾ ഇതിനകം തച്ചുടച്ചു. പിന്നെങ്ങനെ മെയ്ക് ഇൻ ഇന്ത്യ സാധ്യമാകും? ചെറുകിട വ്യവസായങ്ങൾക്കാണ് രാജ്യത്ത് തൊഴിൽ കൊണ്ടുവരാൻ സാധിക്കുക. കേന്ദ്രം സ്റ്റാൻഡ് അപ് ഇന്ത്യ, മെയ്ഡ് ഇൻ ഇന്ത്യ എന്നെല്ലാം പ്രഖ്യാപിക്കുന്ന വേളയിൽ തന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മ പെരുകുകയാണ്. രണ്ട് വിഭിന്നമായ ഇന്ത്യകൾ സൃഷ്ടിക്കപ്പെട്ടതിന് കാരണം കേന്ദ്രത്തിന്റെ ദിശാബോധമില്ലാത്ത നയങ്ങളാണ്.
അംബാനിയെയും അദാനിയെയും രാഹുൽ വിമർശിച്ചു. ഇരട്ട 'എ' വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു. ഒരു വ്യക്തിക്ക് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈമാറുന്നു. 'പെഗസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി അക്രമിക്കുന്നു. ചരിത്ര ബോധമില്ലാതെ സർക്കാർ തീ കൊണ്ട് കളിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലയെ ആർഎസ്എസും ബിജെപിയും ദുർബലമാക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് അതിഥിയെ കിട്ടാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടു. ചൈനയെയും പാക്കിസ്ഥാനെയും ഒന്നിപ്പിച്ചുവെന്ന മഹാപരാധമാണ് മോദി സർക്കാർ ചെയ്തതെന്നും രാഹുൽ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക ഔന്നത്യവും സംസ്‌ക്കാരവും ഉണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ഭരിക്കാൻ ബിജെപിക്ക് എത്രയൊക്കെ ശ്രമിച്ചാലും കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ