ന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കിസ്ഥാൻ സന്ദർശനമുൾപ്പെടെയുള്ള വിദേശ യാത്രകൾ ഏറെ ചർച്ച ചെയ്യുന്ന അവസരത്തിലാണ് രാഹുലിന്റെ അടുത്ത പര്യടനവും.

എന്നാൽ, മുമ്പത്തെ പോലെയല്ല. ഇക്കുറി എല്ലാവരെയും അറിയിച്ചശേഷമാണ് രാഹുൽ യാത്ര പോകുന്നത്. ട്വിറ്ററിൽ എല്ലാവർക്കും പുതുവത്സരാശംസ നേർന്നാണു യൂറോപ്പ് സന്ദർശന വിവരം രാഹുൽ അറിയിച്ചത്.

ഏതാനും ദിവസത്തെ സന്ദർശനത്തിനായാണു രാഹുൽ യൂറോപ്പിലേക്ക് പോകുന്നത്. ഇത്തവണത്തേത് ആരും കാണാതെയുള്ള മുങ്ങലല്ല എന്നതാണ് വിവാദമായ മുൻ യാത്രയിൽ നിന്നു വ്യത്യസ്തമാകുന്നത്.

നേരത്തെ രാഹുലിന്റെ തുടർച്ചയായുള്ള വിദേശ സന്ദർശനത്തെ ബിജെപി അടക്കുമുള്ള രാഷ്ട്രീയ പാർട്ടികൾ പരിഹസിച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ നിന്നും ഒളിച്ചോടാനാണ് രാഹുൽ വിദേശ പര്യടനം നടത്തുന്നതെന്ന് ഭരണപക്ഷ രംഗത്തുള്ളവർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വീണ്ടും യൂറോപ്പ് യാത്രയെ കുറിച്ച് ട്വിറ്ററിൽ വെളിപ്പെടുത്തിയത്. കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാതിരുന്നത് ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

ഇക്കുറിയും വിവാദവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തൊട്ടുമുൻപ് രാഹുൽ അപ്രഖ്യാപിത അവധിയെടുത്ത് വിദേശത്തേക്ക് പോയത് ചൂണ്ടികാട്ടി ബിജെപിയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. മുൻപ് രണ്ട് തവണ രഹസ്യമായി വിദേശത്തേക്ക് പോയത് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പരിഹസിക്കുകയും വിവാദമാക്കുകയും ചെയ്തിനെ തുടർന്നാണ് ഇത്തവണ രാഹുൽഗാന്ധി തന്നെ ഇക്കാര്യം പരസ്യമാക്കിയത്. എന്നാൽ കുറച്ച് ദിവസത്തേക്ക് യൂറോപ്പിലേക്ക് പോകുന്ന എന്ന പ്രയോഗമാണ് ഇത്തവണ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ രാഹുൽ ഗാന്ധി വീണ്ടും അപ്രത്യക്ഷനാവുകയാണോ എന്ന പരിഹാസമാണ് ബിജെപി ഉയർത്തുന്നത്. എല്ലാത്തിലും വിവാദം കാണുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് വിഷയത്തിൽ നിന്ന് തലയൂരുകയാണ് കോൺഗ്രസ്.

രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി വിദേശയാത്ര നടത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലും പിന്നീട് സെപ്റ്റംബറിലുമാണ്. ഫെബ്രുവരിയിൽ നിർണായക ബജറ്റ് സമ്മേളനത്തിന് മുൻപ് പാർട്ടിയിൽ നിന്ന് പെട്ടെന്ന് അവധിയെടുത്ത് വിദേശത്ത് പോയ രാഹുൽ 56 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. പിന്നീട് സെപ്റ്റംബറിലും രാഹുൽ അപ്രതീക്ഷിത വിദേശയാത്ര നടത്തി. ഇത് വിവാദമായപ്പോൾ ആസ്‌പെന്നിൽ ആഗോള സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്ത് വിട്ട് രാഹുൽ തന്നെ ഇതിന് മറുപടി നൽകി.