ന്യൂഡൽഹി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ സതീഷ് ശർമയുടെ അന്തിമകർമങ്ങളിൽ സജീവപങ്കാളിയായി രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുമായി വളരെ അടുത്ത ആത്മബന്ധം ഉണ്ടായിരുന്ന സതീഷ് ശർമയോടുള്ള പ്രത്യേക ആദരവ് പ്രകടിപ്പിച്ചാണ് രാഹുൽ ചടങ്ങിൽ ഉടനീളം പങ്കാളി ആയത്. മുൻ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്റ്റൻ സതീഷ് ശർമയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ജനങ്ങൾക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തു. ശർമയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും കോൺഗ്രസ് പാർട്ടി ട്വിറ്ററിലൂടെ പങ്കെവെച്ചിട്ടുണ്ട്..

നെഹ്റു-ഗാന്ധി കുടുംബത്തോട് വളരെ വിശ്വസ്തത പുലർത്തിയ സതീഷ് ശർമ രാഹുൽ ഗാന്ധിയുടെ ആദ്യകാല രാഷ്ട്രീയ ഗുരുക്കന്മാരിൽ ഒരാളാണ്. ഗോവയിൽ തന്റെ 73-മത്തെ വയസ്സിലാണ് സതീഷ് ശർമ അന്തരിച്ചത്. ഫെബ്രുവരി 17 നായിരുന്നു അന്ത്യം. ക്യാപ്റ്റൻ സതീഷ് ശർമയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്ന് രാഹുൽ ട്വിറ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സ്നേഹവും അനുശോചനവും അറിയിച്ചതിനൊപ്പം സതീഷ് ശർമയുടെ വേർപാട് എക്കാലവും തീരാനഷ്ടമായിരിക്കുമെന്നും ട്വീറ്റിൽ രാഹുൽ കൂട്ടിച്ചേർത്തു.

ഒരു പൈലറ്റായിരുന്ന സതീഷ് ശർമ 1993 മുതൽ 1996 വരെ നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം മന്ത്രിയായിരുന്നു. ഗാന്ധി കുടുംബത്തിന് സ്വാധീനമുള്ള റായ്ബറേലി, അമേഠി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാർലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് തവണ അദ്ദേഹം രാജ്യസഭാംഗവുമായിരുന്നു.