- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് ഹെലികോപ്ടർ ഇറങ്ങിയത് നിശ്ചയിച്ച സ്ഥാനത്തുനിന്നും ഒന്നര കിലോമീറ്റർ മാറി; വയനാട്ടിൽ ഇറങ്ങിയത് അനുമതി നിഷേധിച്ച മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ; രാഹുൽ ഗാന്ധി രണ്ടിടത്തും ലക്ഷ്യസ്ഥാനത്ത് എത്തിയത് ഓട്ടോറിക്ഷയിൽ; ഗുരുതര സുരക്ഷാവീഴ്ച ചർച്ചയാകുന്നു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കോഴിക്കോട്, വയനാട് സന്ദർശനത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാവീഴ്ച. കോഴിക്കോട് യാത്രയിൽ നിശ്ചയിച്ച സ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. പിന്നീട് ഓട്ടോറിക്ഷയിലാണ് രാഹുൽ ലക്ഷ്യസ്ഥാനത്ത് എത്തിയത്. അരമണിക്കൂറോളം സുരക്ഷാസേന ഇരുട്ടിലായി.
വയനാട്ടിലെ പര്യടനത്തിനിടെ ഓട്ടോയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി തൊട്ടുപിന്നാലെ കോഴിക്കോട്ടും ഓട്ടോയിൽ യാത്ര ചെയ്ത് എത്തുന്നതാണ് എല്ലാവരും കണ്ടത്. ഒപ്പം കെ.സി.വേണുഗോപാൽ എംപിയും. എന്നാൽ ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു സ്ഥലങ്ങളിലും മതിയായ സുരക്ഷ ഉറപ്പുവരുത്താൻ സുരക്ഷാ സേനയ്ക്ക് സാധിച്ചിരുന്നില്ല.
വയനാട്ടിൽനിന്നെത്തുന്ന കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചത് കടപ്പുറത്തെ ഹെലിപാഡിൽ ആണ്. ഇറങ്ങിയത് ആകട്ടെ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും. തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന കേന്ദ്രമെന്ന നിലയിൽ സ്ഥലത്ത് ഉണ്ടായിരുന്ന നടക്കാവ് പൊലീസ് സംഘം ഉടനടി ഇടപെട്ടു.
എസ്‌ഐ എസ്.നിയാസ് സംസാരിച്ചു ബോധ്യപ്പെടുത്തിയപ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഏതെങ്കിലും വാഹനം വിളിക്കാൻ രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷ പരിഗണിച്ച് പൊലീസുകാർ കമ്മിഷണറെ ബന്ധപ്പെട്ടു. ഈ സമയം കൊണ്ട് റോഡിലേക്കിറങ്ങിയ രാഹുൽ തൊട്ടടുത്ത് കണ്ട ഓട്ടോ വിളിച്ച് കടപ്പുറത്തേക്ക് പുറപ്പെട്ടു.
പൊലീസ് വഴി വിവരമറിഞ്ഞയുടൻ ഇവിടേക്ക് പുറപ്പെട്ട സുരക്ഷാസേന വഴിമധ്യേ രാഹുലിനെ കണ്ടുമുട്ടിയതോടെയാണ് പിരിമുറുക്കം അയഞ്ഞത്. നേരത്തേ നിശ്ചയിച്ച കോളജ് ഗ്രൗണ്ടിൽ രാഹുലിന് ഇറങ്ങാൻ ശനിയാഴ്ച വൈകിട്ട് കലക്ടർ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച യുഡിഎഫുകാർ പിന്നീട് കണ്ടെത്തിയ സ്ഥലമാണ് കടപ്പുറത്തെ ഹെലിപ്പാഡ്. ഈ ആശയക്കുഴപ്പത്തിനിടെയാണ് കോപ്റ്റർ ആദ്യം നിശ്ചയിച്ച സ്ഥലത്തുതന്നെ ഇറങ്ങിയത്. അതാണ് ഇത്ര വലിയ സുരക്ഷാവീഴ്ചയ്ക്കു വഴിവച്ചതും.
മറുനാടന് മലയാളി ബ്യൂറോ