ന്യൂഡൽഹി: കോൺഗ്രസ് വൈസ് പ്രസിഡന്റും എംപിയുമായ രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തനത്തിൽ നിന്ന് അവധി ആവശ്യപ്പെട്ട് അപേക്ഷ നൽകി. കോൺഗ്രസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളും ഏപ്രിലിൽ നടക്കാനിരിക്കുന്ന എ.ഐ.സി.സി സമ്മേളനവും കണക്കിലെടുത്താണ് രാഹുലിന്റെ തീരുമാനം. ഞായാറാഴ്ച രാത്രിയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അവധി അപേക്ഷ നൽകിയത്. അവധി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

എ.ഐ.സി.സി സമ്മേളനം കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങളുടെ കാര്യത്തിൽ നിർണായകമാണെന്നും അതിനാൽ തന്നെ അതിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾക്ക് രൂപം നൽകേണ്ടതിന് സമയം ആവശ്യമാണെന്നുമാണ് രാഹുലിന്റെ നിലപാട്. രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ രാഹുൽ കോൺഗ്രസിന്റെ പ്രവർത്തന കാര്യങ്ങളുടെ ചുമതലയിലേക്ക് മടങ്ങി വരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സമ്മേളനം രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നും സൂചനകളുണ്ട്.

പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്ന ഈ മാസം 28വരെ രാഹുൽ പാർലമെന്റ് നടപടികളിൽ പങ്കെടുക്കും. തുടർന്നുള്ള സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പാർട്ടിക്ക് ഗുണകരമായ തീരുമാനങ്ങളെടുക്കാനാണ് ഈ വിട്ടു നിൽക്കൽ എന്നാണ് രാഹുൽ ഗാന്ധിയോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടിയെ ശക്തിപ്പെടുത്താൻ ഇത് അനിവാര്യമാണത്രേ. വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളുമായി എഐസിസി സമ്മേളനത്തിൽ രാഹുൽ എത്തുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കനത്ത തിരിച്ചടികളാണ് നേരിട്ടത്. ഡൽഹിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നാണ് രാഹുലിന്റെ നിലപാട്.

പ്രിയങ്കാ ഗാന്ധിക്കായി കോൺഗ്രസ് നേതാക്കൾ മുറവിളി കൂട്ടുന്നതും രാഹുലിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വ്യക്തമായ പദ്ധതികൾ തയ്യാറാക്കാൻ രാഹുൽ ചെറിയൊരു ഇടവേളയെടുക്കുന്നത്.