- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരോഷം ഡൽഹിയെ വിറപ്പിക്കുമ്പോഴും രാഹുലിന്റെ സാന്നിധ്യമില്ല; ഇടക്കാലം കൊണ്ട് ഗസ്റ്റ് റോൾ കളിച്ച രാഹുൽ ഗാന്ധി പൊതുവേദികളിൽ ഇല്ല; രാഷ്ട്രത്തെ നയിക്കാൻ രാഹുൽഗാന്ധി പോര; നേതാവെന്ന നിലയിൽ കൂടുതൽ സ്ഥിരത കാട്ടണം എന്ന് വിമർശിച്ചു ശരദ് പവാർ; കോൺഗ്രസിലെ വിമത ശബ്ദങ്ങൾക്ക് പുറമേ യുപിഎയിലും രാഹുലിനെതിരെ അമർഷം
ന്യൂഡൽഹി: ഡൽഹിയെ വിറപ്പിക്കുന്ന വിധത്തിലാണ് കർഷക രോഷം അണപൊട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി എവിടെ എന്ന ചോദ്യങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ട്വിറ്ററിലൂടെ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിക്കുമ്പോഴും രാഹുൽ പൊതുവേദികളിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇത് കോൺഗ്രസിനുള്ളിൽ കടുത്ത എതിർപ്പിന് ഇടയാക്കുകയും ചെയ്യുന്നു. വിഷയങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന നേതാവിന് എങ്ങനെ ഇടപെടൽ നടത്താൻ കഴിയുമെന്ന വിമർശനമാണ് ഉയരുന്നത്. കോൺഗ്രസിനുള്ളിൽ കപിൽ സിബലിന പോലുള്ളവർ ഉന്നയിച്ച വിമർശനം ഇപ്പോൾ യുപിഎക്കുള്ളിലും ശക്തമായിരിക്കയാണ്.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സ്ഥിരത ഇല്ലാത്തായാളാണെന്നും പാർട്ടി സംഘടനയ്ക്കുള്ളിൽ അദ്ദേഹത്തിന് സ്വീകാര്യത ഇല്ലാത്തത് അതുകൊണ്ടാണെന്നും എൻസിപി നേതാവ് ശരദ് പവാർ കുറ്റപ്പെടുത്തി രംഗത്തെത്തി. ഒരു രാജ്യത്തിന്റെ നേതാവായി സ്വീകരിക്കപ്പെടാൻ രാഹുൽഗാന്ധി കൂടുതൽ സ്ഥിരത കാട്ടേണ്ടതുണ്ടെന്നും പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിൽ കോൺഗ്രസിന്റെയും ശിവസേനയുടെയും സഖ്യ കക്ഷിയാണ് എൻസിപി.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് എൻസിപി നേതാവ് കോൺഗ്രസ് നേതാവിനെ കുറിച്ച് വിവാദ പരാമർശം നടത്തയിരിക്കുന്നത്. എന്നാൽ നെഹ്രു - ഗാന്ധി കുടുംബത്തിൽ കോൺഗ്രസിന് ഇപ്പോഴും വിശ്വാസമുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു. ലോക് മത് എന്ന മറാത്തി പത്രത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽ രാജ്യത്തെ നയിക്കാൻ എത്രമാത്രം സജ്ജമാണ് എന്ന ചോദ്യത്തിനായിരുന്നു മറുപടി. അക്കാര്യത്തിൽ ചില ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും രാഹുലിന് വേണ്ടത്ര സ്ഥിരത ഇല്ലെന്നും ശരദ് പവാർ പറഞ്ഞു.
അതേസമയം ഈ അഭിപ്രായത്തിലൂടെ പവാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഇതിന് കോൺഗ്രസിന്റെ മറുപടി. എന്നിരുന്നാലും നിലവിൽ ആർഎസ്എസിനും മോദി സർക്കാരിനും എതിരേ ഏതൊരു പാർട്ടിയുടെ നേതാക്കളേക്കാളും സ്ഥിരത കാട്ടുന്നയാളാണ് തങ്ങളുടെ നേതാവായ രാഹുൽഗാന്ധി. രാജ്യത്തിന്റെ നിലവിലെ ശോചനീയാവസ്ഥയും പ്രതിപക്ഷത്തിന്റെ ശബ്ദത്തെ നാണമില്ലാതെ അടിച്ചമർത്തുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും തകർക്കപ്പെട്ട് ഭരണഘടനാ വിരുദ്ധത ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കപ്പെടേണ്ടി വരുമ്പോൾ അതിനെല്ലാം എതിരേ ധൈര്യത്തോടെയും സന്ധിയില്ലാതെയും പോരാടുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് രാഹുൽ എന്നും കോൺഗ്രസ് പറയുന്നു.
അമേരിക്കയുടെ മുൻ പ്രധാനമന്ത്രി ബാരാക് ഒബാമ രാഹുലിനെ കുറിച്ച് മോശമായ പരാമർശം നടത്തിയത് വൻ വാർത്തയായിരിക്കെയാണ് രാഹുൽ കഴിവില്ലാത്ത ആളാണെന്ന തരത്തിൽ ശരദ് പവാറിന്റെയും പ്രതികരണം വരുന്നത്. ഒബാമയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ആണെന്നും അതിന് തന്റെ അംഗീകാരത്തിന് പ്രസക്തി ഇല്ലെന്നും വിദേശത്തെ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പറഞ്ഞു.
മകൾ സുപ്രിയാ സുലേ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മകൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നായിരുന്നു പവാറിന്റെ മറുപടി. അവർ രാഷ്ട്രീയ പ്രവേശനം നടത്തുന്നുണ്ടെങ്കിൽ അത് ദേശീയ രാഷ്ട്രീയത്തിലേക്കായിരിക്കും. ദേശീയ തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയയാളാണ് സുലേ എന്നും മഹാരാഷ്ട്രയിൽ എൻസിപിക്ക് നേതൃദാരിദ്ര്യം ഇല്ലെന്നും അജിത് പവാർ, ജയന്ത് പാട്ടീൽ, ധനജ്ഞയ് മുണ്ടേ എന്നിവർ സംസ്ഥാനത്തെ നയിക്കാൻ പ്രാപ്തരാണെന്നും മറുപടി നൽകി.
മറുനാടന് മലയാളി ബ്യൂറോ