ന്യൂഡൽഹി: പ്രധാനമന്തി മോദിയല്ല, താനാണ് യഥാർത്ഥത്തിൽ പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്നതെന്നു തെളിയിക്കാൻ സ്വന്തം കുർത്തയുടെ കീറിയ പോക്കറ്റ് ഉയർത്തിക്കാട്ടിയ രാഹുൽ ഗാന്ധിക്കു സോഷ്യൽ മീഡിയയിൽ പൊങ്കാല. ഉത്തരാഖണ്ഡിൽ പാർട്ടി സമ്മേനളത്തിനിടെയായിരുന്നു സംഭവം.

പ്രസംഗത്തിനിടെ പോക്കറ്റിൽ കയ്യിട്ട രാഹുൽ ഉൾഭാഗം പുറത്തേക്കെടുത്തു കീറിയ വശം കാണിച്ചുകൊടുത്തു. എന്റെ കുർത്തയുടെ പോക്കറ്റ് കീറിയതാണ്. അതെനിക്കൊരു പ്രശ്‌നമല്ല. പക്ഷേ, എന്നും പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെടുകയും പാവപ്പെട്ടവരെവച്ച് രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന മോദിജിയെ നിങ്ങൾ ഒരിക്കലും കീറിയ വസ്ത്രങ്ങളുമായി കാണില്ലെന്നും രാഹുൽ പറഞ്ഞു.

സംഭവത്തിൽ രാഹുലിനെ പരിസഹിച്ചുകൊണ്ട് വൻ ട്വീറ്റുകളാണ് ഉണ്ടായത്. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന് കുർത്ത വാങ്ങിക്കാൻ പണമില്ലേയെന്നു ചിലർ ചോദിക്കുന്നു. കുർത്ത കീറിയെങ്കിൽ തയ്ച്ചൂടായിരുന്നോയെന്ന് മറ്റു ചിലരും ചോദിച്ചു.

രാഹുൽ എന്തിനാണ് തന്നെതന്നെ പാവപ്പെട്ടവനായി അവതരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്റെ മണ്ടത്തരങ്ങൾക്ക് അവസാനമില്ലേയെന്നും ചിലർ ചോദിക്കുന്നു. അടുത്തിടെ വിദേശയാത്രകഴിഞ്ഞു തിരിച്ചെത്തിയ രാഹുൽ ചാർട്ടേട് വിമാനത്തിലിരുന്നു പുസ്തകം വായിക്കുന്നതിന്റെയും കോട്ടും സ്യൂട്ടും ഇട്ട് നടക്കുന്നതിന്റെയും ചിത്രങ്ങളും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.