- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പ്രധാനമന്ത്രി വച്ചുപുലർത്തുന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയം; ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ രാഹുലിന്റെ പാർലമെന്റിലെ നാലാം പ്രസംഗത്തിലും മോദിക്കെതിരെ രൂക്ഷ വിമർശനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വച്ചുപുലർത്തുന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 56 ദിവസത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ നാലാമത്തെ പ്രസംഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. മാറ്റത്തിന്റെ രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വച്ചുപുലർത്തുന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 56 ദിവസത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ നാലാമത്തെ പ്രസംഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
മാറ്റത്തിന്റെ രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടിക്കുന്നത് എന്നായിരുന്നു നരേന്ദ്രമോദിയുടെ വാദം. എന്നാൽ അതിനു പകരം പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി വച്ചു പുലർത്തുന്നതെന്നു രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിക്ക് അനുവദിച്ച ഫുഡ് പാർക്ക് സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന്റെ പേരിലാണ് ലോക്‌സഭയിൽ രാഹുൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. യുപിഎ ഭരണകാലത്ത് അമേഠിയിൽ അനുവദിച്ച ഫുഡ്പാർക്ക് മോദി അധികാരത്തിലേറിയതോടെ റദ്ദാക്കിയിരുന്നു. ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച അവ്യക്തത ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്.
'തെരഞ്ഞെടുപ്പിന് മുമ്പായി അമേഠിയിൽ പ്രധാനമന്ത്രി 52 മിനിറ്റ് നീണ്ട പ്രസംഗം നടത്തിയിരുന്നു. പ്രതികാരത്തിലല്ല മാറ്റത്തിലൂന്നിയ രാഷ്ട്രീയവും നയവുമാണ് താൻ സ്വീകരിക്കുക എന്ന് അദ്ദേഹം പറഞ്ഞപ്പോൾ മതിപ്പ് തോന്നി. എന്നാൽ വാസ്തവത്തിൽ പ്രതികാരമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.'- രാഹുൽ ആരോപിച്ചു.
അതേസമയം രാഹുലിന്റെ ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി.ഫുഡ് പാർക്ക് റദ്ദാക്കിയതിനെ കുറിച്ച് പരിശോധിക്കുമെന്ന് അദ്ദേഹം രാഹുലിന് ഉറപ്പുനൽകി.
കാര്യമായ വികസനങ്ങളൊന്നും ഇല്ലാത്ത അമേഠിയിൽ 200 കോടി രൂപയുടെ ഫുഡ്പാർക്കിന് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നു. ആയിരത്തിലധികം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒന്നായിരുന്നു പദ്ധതി. ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവ സംസ്‌ക്കരിച്ച് വിപണിയിലെത്തിക്കുന്ന ഭക്ഷ്യ സംസ്‌ക്കരണ പാർക്കാണ് അമേഠിയിൽ സ്ഥാപിക്കാനിരുന്നത്.
പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അവധിയെടുത്തു പോയ രാഹുൽ ഗാന്ധി തിരിച്ചെത്തിയപ്പോൾ കൂടുതൽ ശക്തിയോടെയാണ് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. ചർച്ചകളിൽ സജീവമായ രാഹുൽ പ്രതിപക്ഷ ബെഞ്ചിലിരുന്നുള്ള തന്റെ ആദ്യ പ്രസംഗത്തിൽ മോദിയുടേത് കർഷക വിരുദ്ധ സർക്കാരാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. കോർപ്പറേറ്റ് അനുകൂല സർക്കാരെന്ന് അർത്ഥമുള്ള സ്യൂട്ട് ബൂട്ട് കി സർക്കാർ എന്നാണ് രാഹുൽ മോദി സർക്കാരിനെ വിശേഷിപ്പിച്ചത്.