ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ മോദി വഞ്ചിക്കുകയാണന്നും രാഹുൽ കുറ്റപ്പെടുത്തി.

ലളിത് മോദി, വ്യാപം അഴിമതി വിവാദങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്നും പാർലമെന്റിനകത്തെ പ്രതിഷേധങ്ങൾക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു.

നാൽപതോളം പേരാണ് വ്യാപം അഴിമതിയിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇതേക്കുറിച്ച് പ്രധാനമന്ത്രി യാതൊന്നും പ്രതികരിച്ചില്ല. മോദി മൗനം ഉപേക്ഷിക്കണം. ലളിത് മോദിക്ക് സുഷമ സ്വരാജ് നൽകിയ സഹായം ക്രിമിനൽ കുറ്റത്തിന് തുല്യമാണ്. അവർ രാജി വച്ചതിനുശേഷം ആവശ്യമെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്നും രാഹുൽ പറഞ്ഞു.

ലളിത് മോദി വിവാദത്തിൽ ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ മൂന്നാം ദിവസവും സ്തംഭിച്ചു. പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷാംഗങ്ങൾ ഇന്നും സഭയിലെത്തിത് കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു.

സഭാ നടപടി നിർത്തിവച്ച് ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാനടപടികൾ തടസപ്പെട്ടിരുന്നു.

പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നേതൃത്വം എംപി മാർക്ക് നൽകിയിരുക്കുന്ന നിർദ്ദേശം. ഇന്നലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനും അസ്സം മുഖ്യമന്ത്രി തരുൺ ഗോഗോയ്ക്കും എതിരെ ബിജെപി പുറത്ത് വിട്ട അഴിമതി ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണു സർക്കാരിന്റെ ശ്രമം.