ന്യൂഡൽഹി: 'ഗാന്ധിജിയെ കൊന്നത് ആർഎസ്എസ്' എന്ന പരാമർശത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വീണ്ടും സമൻസ്. സെപ്റ്റംബർ 29നു നേരിട്ടു ഹാജരാകണമെന്ന് അസമിലെ കോടതി ഉത്തരവിട്ടു.

ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് അസമിലെ കാമരൂപ് മെട്രൊപൊളിറ്റൻ കോടതി രാഹുലിന് സമൻസ് അയച്ചത്. നേരത്തെ മുംബൈ ഭീവണ്ടിയിലെ കോടതിയും ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ രാഹുലിന് സമൻസ് അയച്ചിരുന്നു.

ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ആർഎസ്എസുകാർ കേസ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭീവണ്ടിയിൽ രാഹുൽ ആർഎസ്എസിനെതിരെ തിരിഞ്ഞത്. ആർഎസ്എസുകാരാണ് ഗാന്ധിജിയെ കൊന്നതെന്നും ഇന്നവരുടെ ആളുകൾ അദ്ദേഹത്തെ കുറിച്ച് വാചാലരാകുന്നുവെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. രാഹുലിനെതിരെ നിയമനടപടിക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഭീവണ്ടിയിലെ ആർഎസ്എസ് നേതാവ് രാജേഷ് കുന്തെയാണ് ആദ്യം കോടതിയെ സമീപിച്ചത്.