ന്യൂഡൽഹി:തങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരയായി എന്നുള്ള കാര്യം തുറന്ന് പറയുന്ന മീ ടു ക്യാംപയിൻ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുന്നതിനിടെ ക്യാംപയിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'സ്ത്രീകളെ ബഹുമാനത്തോടെയും അന്തസ്സോടെയും കാണണമെന്ന് എല്ലാവരും പഠിക്കുന്ന സമയമാണിത്. അല്ലാതുള്ളവർക്ക് സമൂഹത്തിലുള്ള ഇടം ഇല്ലാതായിരിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ സത്യം വ്യക്തമായി ഉച്ചത്തിൽ വിളിച്ചു പറയണമെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിനിടെ അക്‌ബറിനെതിരായ ആരോപണത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ രാഹുലിനോട് ചോദിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്‌ബർ മീ ടു ക്യാംപയിനിൽ കുടുങ്ങിയതിനെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കുന്നത്. അക്‌ബറിന്റെ രാജി ആവശ്യവുമായി ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

ഇപ്പോൾ വിദേശപര്യടനത്തിലായിരിക്കുന്ന അക്‌ബറിനോട് ഉടൻ ഡൽഹിയിലെത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചും കഴിഞ്ഞു. അക്‌ബറിനെതിരെ സർക്കാർ തലത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അക്‌ബർ 'ദ ടെലഗ്രാഫ്', ' ദ ഏഷ്യൻ ഏജ്' എന്നീ മാധ്യമങ്ങളുടെ എഡിറ്റർ ആയിരുന്ന കാലത്ത് നേരിട്ട ലൈംഗിക പീഡനങ്ങൾ വെളിപ്പെടുത്തി ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഏഴ് വനിതകളാണ് രംഗത്തെത്തിയത്.