ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നാളെയും ചോദ്യം ചെയ്യും. നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി രാഹുലിന് നോട്ടീസ് നൽകി. നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം.

നാല് ദിവസത്തിനിടെ ഇതുവരെയായി 40 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. നാളെയോടെ രാഹുലിന്റെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസത്തിലേക്ക് കടക്കും. ചോദ്യങ്ങൾക്ക് രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്ന് നേരത്തെ ഇഡി ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. അതിനിടെ, രാഹുലിനെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്നും കനത്ത പ്രതിഷേധം അരങ്ങേറി. ഡൽഹി ജന്തർ മന്ദറിലാണ് പ്രതിഷേധം നടന്നത്. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിരവധി എംപിമാരെ അടക്കം പൊലീസ് തടഞ്ഞു. പ്രതിഷേധം നടക്കുന്ന ജന്തർ മന്ദറിലേക്കുള്ള റോഡും പൊലീസ് അടച്ചു.

അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധി കൂടുതൽ സമയം തേടിയേക്കും. ആശുപത്രിവാസം ചൂണ്ടിക്കാട്ടിയായിരുന്നു സോണിയ ചോദ്യം ചെയ്യലിൽ നിന്ന് ഇതുവരെ വിശ്രമം തേടിയിരുന്നത്. എന്നാൽ ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷ ഇന്ന് വീട്ടിലേക്ക് തിരിച്ചിരുന്നു. ജൂൺ രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് സോണിയയെ ഡൽഹിയിലെ ഗംഗ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെത്തിയ സാഹചര്യത്തിൽ നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യും. ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിലവിൽ സോണിയക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പരാതിക്കാരനായ കേസിലാണ് രാഹുൽ ഗാന്ധിയെ അഞ്ചാം ദിവസം ചോദ്യം ചെയ്യുന്നത്. സോണിയാ ഗാന്ധിയേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും അനാരോഗ്യത്തെത്തുടർന്ന് എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. കോൺഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡ് ഏറ്റെടുക്കാൻ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് യംഗ് ഇന്ത്യ എന്ന പേരിൽ നിഴൽ കമ്പനി തട്ടിക്കൂട്ടി എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. 90 കോടി രൂപ കടത്തിൽ മുങ്ങി നിൽക്കവെയായിരുന്നു ഇരുവരും ചേർന്ന് പത്രം ഏറ്റെടുത്തത്. പത്രം ഏറ്റെടുത്ത ഇടപാട് അഴിമതിയും വഞ്ചനയുമാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി.