ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നെങ്കിലും പാർട്ടിയുടെ സംഘടനാ ചുമതലകളിൽ സജീവമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ഇന്ന് കോൺഗ്രസ് ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. എന്നാൽ ആർക്കും ഒരു ഉറപ്പും നൽകാൻ കഴിയില്ല. രാഷ്ട്രീയ വനവാസത്തിന് ശേഷം തായ്‌ലണ്ടിൽ നിന്ന് രണ്ട് ദിവസം മുമ്പാണ്് രാഹുൽ ഡൽഹിയിൽ മടങ്ങിയെത്തിയത്. ഇന്നലെയോടെ സജീവമായി രംഗത്ത് വരുമെന്നും കരുതി. എന്നാൽ അതുണ്ടായില്ല. തന്റെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു രാഹുൽ. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പൊതു രംഗത്ത് സജീവമാകാൻ സോണിയാ ഗാന്ധിയും മുതിർന്ന നേതാക്കളും രാഹുലിനോട് അഭ്യർത്ഥിച്ചതായാണ് സൂചന.

പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നു കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പകരം, തന്റെ സാന്നിധ്യം തന്നെ അദ്ദേഹം അസാന്നിധ്യമാക്കി. സ്വന്തം ഓഫിസിന്റെ പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്യാനാണു രാഹുൽ സമയം ചെലവിട്ടതെന്നു വക്താവ് ആനന്ദ് ശർമ പറഞ്ഞു. ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തും. ഇവിടെ ഫൊട്ടോഗ്രഫർമാർക്കു പ്രവേശനമുണ്ടാകും. രാഹുൽ തിരിച്ചെത്തിയ ശേഷം ആദ്യത്തെ 'ഫോട്ടോ അവസരമായിരിക്കും ഇത്. നാളെ നടക്കുന്ന കർഷക റാലിയുടെ അവലോകന യോഗമായിരുന്നു എഐസിസി ഓഫിസിൽ ഇന്നലെ നടന്ന പ്രധാന പരിപാടി. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്, ട്രഷറർ മോട്ടിലാൽ വോറ, രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ തുടങ്ങി ഏറ്റവും മുതിർന്ന നേതാക്കളാണു യോഗത്തിൽ പങ്കെടുത്തത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിനു തൊട്ടടുത്തുള്ള എഐസിസി ആസ്ഥാനത്തേക്കു രാഹുൽ നടന്നെത്തുമെന്നു കരുതി കാത്തുനിന്നവർ നിരാശരായി. പൊതുജന മധ്യത്തിൽ നിൽക്കേണ്ട നേതാവ് മറഞ്ഞു നിന്നു കൂടുതൽ ദുരൂഹത സൃഷ്ടിക്കുന്നതെന്തിന് എന്ന ചോദ്യം ബാക്കിയായി. ഇതിനിടെയാണു ഡൽഹി ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.സി. ചാക്കോ, പിസിസി പ്രസിഡന്റ് അജയ് മാക്കൻ തുടങ്ങിയവർക്കു രാഹുലിന്റെ സെക്രട്ടറി കൗശൽ വിദ്യാർത്ഥിയുടെ വിളിയെത്തിയത്. റാലിക്കു മുന്നോടിയായി കർഷക പ്രതിനിധികളുമായി ചർച്ച നടത്താൻ രാഹുൽ താൽപര്യപ്പെടുന്നുവെന്നായിരുന്നു സന്ദേശം. ഡൽഹി, ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ഇരുന്നൂറോളം കർഷകരുമായി രാഹുൽ സംസ്ഥാനാടിസ്ഥാനത്തിലും കൂട്ടായും സംവദിക്കുമെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു.

റാലിക്കു ശേഷം രാഹുൽ തന്റെ മണ്ഡലമായ അമേഠി സന്ദർശിക്കും. കോൺഗ്രസ് പ്രവർത്തകസമിതിയുടെയും എഐസിസി പ്രത്യേക സമ്മേളനത്തിന്റെയും തീയതികളും വൈകാതെ തീരുമാനിച്ചേക്കും. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ഭരണഘടനാ ഭേദഗതികളുണ്ടാകേണ്ടത് എഐസിസി പ്രത്യേക സമ്മേളനത്തിലാണ്. എഐസിസിയുടെ പ്രത്യേക സമ്മേളനത്തിൽ രാഹുൽ പാർട്ടി അധ്യക്ഷനായി രാഹുൽ ചുമതലയേൽക്കുമെന്നായിരുന്നു വാർത്തകൾ. ഇതിനെ കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ എതിർത്തു. ഇതോടെയാണ് പിണക്കവുമായി രാഹുൽ അവധിയെടുത്തത് എന്നാണ് സൂചന. യാത്രയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുകയുമാണ്. അതിനിടെ രാഹുൽ ഉടൻ അധ്യക്ഷനാകില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നൽകുന്ന സൂചന.

രാഹുൽ വൈകാതെ പാർട്ടി അധ്യക്ഷനാകും, അദ്ദേഹമാണു പാർട്ടിയുടെ ഭാവി നേതാവ്. എന്നാൽ, ഡിസംബറിൽ നടക്കേണ്ട എഐസിസി പ്ലീനറി സമ്മേളനത്തിനു മുൻപ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ലെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.