തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ അടിമുടി അഴിച്ചുപണിക്ക് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നതായി സൂചന. നിലവിൽ സംസ്ഥാനത്തെ കോൺഗ്രസിനെ മുഖമായി നിൽക്കുന്ന നേതാക്കളെ ദേശീയ തലത്തിലേക്ക് മാറ്റി സംസ്ഥാനത്തെ യുവനിരയെ പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്തം ഏൽപ്പിക്കാനാണ് രാഹുൽ ഗാന്ധി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ആലോചന. കോൺഗ്രസിന്റെ പ്രവർത്തക സമിതിയിലേക്ക് തന്നെ ഇരുവരെയും എത്തിക്കാനാണ് രാഹുലിന്റെ ആഗ്രഹം. നിലവിൽ എകെ ആന്റണിയാണ് പ്രവർത്തക സമിതിയിലുള്ളത്. എന്നാൽ, അദ്ദേഹം അനാരോഗ്യം കാരണം പലപ്പോഴും പാർട്ടിയിൽ സജീവമാകുന്നില്ല. ഇതിനിടെയാണ് കേരളത്തിലെ മുതിർന്ന നേതാക്കളെ ദേശീയ നേതാക്കളാക്കിയും യുവനേതാക്കളെ പുതിയ കോൺഗ്രസിന്റെ മുഖമായി അവതരിപ്പിക്കാനും ശ്രമം നടക്കുന്നത്.

ദേശീയ നേതൃത്വത്തിലേക്ക് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പുറമേ പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലുമുണ്ട്. അതേസമയം കോൺഗ്രസ് പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിലെ മുഖ്യവരാധികാരിയായിരുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് അധ്യക്ഷനാക്കാനും രാഹുലിന് താൽപ്പര്യമുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, യുവാക്കൾക്ക് പരിഗണന നൽകുന്ന ഘട്ടത്തിൽ ഈ തീരുമാനത്തിൽ മാറ്റം വന്നേക്കാം. എന്തായാലും വി ടി സതീശൻ, വിടി ബൽറാം, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കൾക്ക് കൂടുതൽ പദവികളും ഉത്തരവാദിത്തവും നൽകാനാണ് രാഹുൽ ഒരുങ്ങുന്നത്.

പാർട്ടിയുടെ മുഖ്യവരാണാധികാരിയെ പിന്നീട് പ്രവർത്തകസമിതിയിലേക്കു പരിഗണിക്കുകയാണ് കീഴ്‌വഴക്കം. ഈ കീഴ് വഴക്കം പിന്തുടർന്നാൽ മുല്ലപ്പള്ളിയാകും വർക്കിങ് കമ്മിറ്റിയിൽ എത്തുക. ജാതി-മത സമവാക്യങ്ങൾ അനുസരിച്ച് കെപിസിസി. അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ പരിഗണിച്ചാൽ അദ്ദേഹം പ്രവർത്തകസമിതിയിലെത്തില്ല. കെ.സി. വേണുഗോപാൽ നിലവിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ്.

പി.സി. ചാക്കോയും ഇത്തവണ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തും. എ.ഐ.സി.സി. സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനു പുറമേ രണ്ടു പേരെക്കൂടി സെക്രട്ടറിമാരായി നിയോഗിക്കും. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞടുപ്പുകളിൽ കേരളത്തിൽനിന്നുള്ള നേതാക്കളെ ചുമതലയേൽപ്പിച്ച സംസ്ഥാനങ്ങളിൽമാത്രമാണ് കോൺഗ്രസിനു ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. വടക്കു, കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ പിടിച്ചുനിന്നത് മേഘാലയയിൽമാത്രം. അവിടെ ഭരണം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയാകാൻ കോൺഗ്രസിനു കഴിഞ്ഞു.

ഉമ്മൻ ചാണ്ടിക്കും ആന്റോ ആന്റണിക്കുമായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല. മുമ്പു നടന്ന ഗോവ തെരഞ്ഞെടുപ്പിലും കോൺഗ്രസിനു ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് ഗോവയിൽ പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഉടൻ തെരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ചുമതല വഹിക്കുന്നതു കെ.സി. വേണുഗോപാലും പി.സി. വിഷ്ണുനാഥുമാണ്. അവിടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. ഇതെല്ലാം കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾക്ക് ഗുണകരമായിട്ടുണ്ട്.

ദേശീയ തലത്തിൽ അഴിച്ചുപണിക്ക് രാഹുൽ തുടക്കമിട്ടു കഴിഞ്ഞിരുന്നു. ജനാർദൻ ദ്വിവേദിയെ മാറ്റി മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചുതോടെ രാഹുൽ രാജസ്ഥാന്റെ കാര്യത്തിലും നിർണായ തീരുമാനം എടുത്തുവെന്നാണ് കരുതുന്നത്. ഗുജറാത്തിന്റെ ചുമതലയായിരുന്നു ഗെലോട്ടിന് നേരത്തെ ഉണ്ടായിരുന്നത്. ഇവിടെ അധികാരം പിടിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച രീതിയിൽ കോൺഗ്രസിന് മുന്നേറാൻ സാധിച്ചു.

രണ്ടുപതിറ്റാണ്ടിലേറെയായി ചുമതല വഹിച്ചിരുന്ന ജനാർദൻ ദ്വിവേദി കോൺഗ്രസിലെ ഏറ്റവും ശക്തനായ സംഘടനാ സെക്രട്ടറിയായിരുന്നു. എന്നാൽ, ദ്വിവേദിയല്ല തന്റെ ചോയിസ് എന്ന് രാഹുൽ വ്യക്തമാക്കി കഴിഞ്ഞു. എഐസിസി പ്ലീനറി സമ്മേളനത്തിൽ നിർണായക ചുമതലകളൊന്നും ജനാർദൻ ദ്വിവേദിക്കു നൽകിയിരുന്നില്ല. യുവാക്കളായിരുന്നു കൂടുതലും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. രാഹുൽ ബ്രിഗേഡിലെ വിശ്വസ്തരായ യുവനേതാക്കാളായ ജിതേന്ദ്ര സിങ്ങിന് ഒഡീഷയുടെ ചുമതലയും രാജീവ് സതവിനു ഗുജറാത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

ഗെലോട്ടിന് പകരം രാജസ്ഥാനിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. ലോക്സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പായ ജ്യോതിരാദിത്യസിന്ധ്യ മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന സൂചനയും ഇപ്പോഴത്തെ അഴിച്ചുപണിയിൽനിന്നു വ്യക്തമാകുന്നു. എന്നാൽ, ഇവിടെ കമൽനാഥും സിന്ധ്യയുടെ സ്ഥാനമോഹത്തിന് തടസമായി നിൽക്കുന്നുണ്ട്. എന്നാൽ, സംഘടനയെ ചലിപ്പിക്കുന്നതിൽ സിന്ധ്യയാണ് മിടുക്കനെന്ന് രാഹുലിന് ഉത്തമ ബോധ്യവുമുണ്ട്.

എഐസിസിയിലും യുവാക്കൾക്കു പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് അറിയുന്നത്. കേരളത്തിൽ എം.എം. ഹസനെ മാറ്റി പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുമെന്നതും ഉറപ്പാണ്. ഈ തീരുമാനം ഉണ്ടാകുക ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കും. കേരളത്തിലേക്ക് വരുമ്പോൾ സാധ്യതാപട്ടികയിൽ നിരവധി പേരുണ്ട്. രാഹുലിനെ അധ്യക്ഷനാക്കി വാഴിക്കാൻ മുന്നിൽ നിന്ന മുല്ലപ്പള്ളിയിൽ തുടങ്ങുന്നു ഈ പേരുകൾ. രാഹുലിന്റെ വിശ്വസ്തനായ കെ സി വേണുഗോപാലും, കെ വി തോമസും കെ സുധാകരനും ഈ പട്ടികയിൽ പെടുന്നു.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ യുവത്വത്തിന് മുൻതൂക്കം നൽകിയാൽ സാധ്യത കൂടുതൽ വി ടി സതീശനാണ്. മറ്റ് കാര്യങ്ങൾ കൂടി പരിഗണിച്ചാൽ കെ സുധാകരനെയും പരിഗണിക്കും. സംസ്ഥാനത്ത് കോൺഗ്രസിന് ഊർജ്ജം നൽകുന്നവരിൽ പ്രധാനി സുധാകരനാണ്. അടുത്തിടെ ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും വിധത്തിൽ നീക്കങ്ങൾ നടത്താൻ സുധാകരൻ തന്നെ രംഗത്തിറങ്ങേണ്ടി വന്നു. അതേസമയം ഗ്രൂപ്പുകൾ രാഹുലിനെയും വെട്ടിലാക്കിയേക്കും.

കേരളത്തിലെ കോൺഗ്രസിൽ എന്നും സ്ഥാനമാനങ്ങൾ വീതംവയ്‌പ്പാണ്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് കരുതുന്നവരുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐയിലെ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ ഉമ്മൻ ചാണ്ടി നിയമസഭാ നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ ചെന്നിത്തല നേതാവായി. അങ്ങനെ ഐ ഗ്രൂപ്പിന് നിയമസഭാ കക്ഷി നേതൃസ്ഥാനം കിട്ടി. അതിനാൽ ഒഴിവു വന്ന കെപിസിസി അധ്യക്ഷ സ്ഥാനം എ ്ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് ഉമ്മൻ ചാണ്ടി അനുകൂലികൾ പറയുന്നു.