ന്യൂഡൽഹി: ലളിത് മോദി വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ലളിത് മോദിക്ക് യാത്രാ രേഖകൾ ശരിയാക്കി നൽകിയതിന് പകരമായി സുഷമ, ഭർത്താവ്, മകൾ എന്നിവർക്ക് മോദി എത്ര പണം നൽകിയെന്ന് വെളിപ്പെടുത്തണമെന്ന് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പോലും അറിയാതെ ലളിത് മോദിയെ വളരെ രഹസ്യമായാണ് സുഷമ സ്വരാജ് സഹായിച്ചതെന്നും രാഹുൽ പറഞ്ഞു.

സുഷമ സ്വരാജ് പാർലമെന്റിൽ നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ മിടുക്കിയാണെന്ന് പറഞ്ഞ സോണിയാ ഗാന്ധി മാനുഷിക പരിഗണനയുടെ പേരിൽ ഒരാളെ സഹായിക്കുമെങ്കിലും നിയമം ലംഘിക്കുന്ന പ്രവൃത്തികൾക്കൊന്നും കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്നും വ്യക്തമാക്കി. എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റ് കവാടത്തിൽ നടത്തിയ ധർണയിലാണ് കോൺഗ്രസ് നേതാക്കൾ വീണ്ടും സുഷമ സ്വരാജിനെതിരെ ശക്തമായ പ്രതികരണവുമായെത്തിയത്.

താൻ സഹായിച്ചത് ലളിത് മോദിയെ അല്ലെന്നും അദ്ദേഹത്തിന്റെ കാൻസർ ബാധിതയായ ഭാര്യയെ ആണെന്നും സുഷമ സ്വരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. താൻ ചെയ്തത് മനുഷ്യത്വപരമായ കാര്യമാണ്. മോദിയുടെ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സാവേളയിൽ മോദി അവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് താൻ സഹായിച്ചത്. ഒരു ഇന്ത്യാക്കാരിയെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്തത്.

കാൻസർ ബാധിതയായ ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചത് കുറ്റമാണെങ്കിൽ രാജ്യം നൽകുന്ന ഏതു ശിക്ഷയും ഏറ്റു വാങ്ങാമെന്നും സുഷമ പറഞ്ഞു. ലളിത് മോദിക്കു യാത്രാരേഖ നൽകണമെന്ന ശുപാർശ നൽകിയിട്ടില്ലെന്നും സുഷമാസ്വരാജ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായാണ് ഇന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്തെത്തിയത്. പ്രതിപക്ഷത്തെ പ്രധാന കക്ഷികളുടെ ബഹിഷ്‌ക്കരണം നാലാം ദിവസവും തുടരുകയാണ്.

ലളിത് മോദിയുടെ കാൻസർരോഗിയായ ഭാര്യ മിനാലിന്റെ ശസ്ത്രക്രിയക്ക് പോർച്ചുഗലിലെ ഒരു ആശുപത്രിയിൽ ബന്ധപ്പെട്ട രേഖകൾ ഒപ്പിടാനായിപ്പോകുന്നതിന് ലളിത് മോദിക്ക് യാത്രാപ്രമാണം നൽകാൻ ബ്രിട്ടീഷ് സർക്കാറിനോട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അഭ്യർത്ഥിച്ചുവെന്നാണാരോപണം. ഈ ആവശ്യവുമായി സുഷമാ സ്വരാജ് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും ഇന്ത്യൻ വംശജനായ കീത്ത് വാസ് എംപി.യെയും സമീപിച്ചുവെന്ന വാർത്ത വിവിധ മാദ്ധ്യങ്ങൾ പുറത്തു കൊണ്ടു വന്നിരുന്നു.