ന്യൂഡൽഹി: കോൺഗ്രസ് മുക്ത ഭാരതം മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന ബിജെപിയെ പ്രതിരോധിക്കാൻ യുവനിരയെ രംഗത്തിറക്കാൻ കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കാൻ തീരുമാനമായി. ഈ മാസം തന്നെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി സോണിയ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു. മാത്രമല്ല അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി ഉടൻ യോഗം ചേരും.

കേരളം,അസം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. അമരിന്ദർ സിങ്, ദിഗ് വിജയ് സിങ്, സത്യവ്രത് ചതുർവേദി എന്നിവർ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും നേതൃ നിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സോണിയ ഗാന്ധി മാറി നിൽക്കണമെന്നാണ് അമരിന്ദർ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. കുറഞ്ഞ കാലയളവിനുള്ളിൽ രാഹുൽ ഗാന്ധിക്ക് നേതൃഗുണം സമ്പാദിക്കാൻ കഴിഞ്ഞെന്നും അമരിന്ദർ സിങ് പറഞ്ഞിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ് വിജയ് സിംഗും സത്യവ്രത് ചതുർവേദിയും നേതൃമാറ്റം സൂചിപ്പിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രസ്താവന നടത്തിയിരുന്നു.കോൺഗ്രസിന് തിരിച്ചു വരണമെങ്കിൽ ശസ്ത്രക്രിയ തന്നെ വേണമെന്നായിരുന്നു ദിഗ്‌വിജയ് സിങ് പറഞ്ഞത്.തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പരിശോധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയെ നേതൃനിരയിലേക്ക് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രകടനങ്ങൾ നടന്നിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് വേളയിലും സമാനമായ അഭിപ്രായ പ്രകടനം പല നേതാക്കളും നടത്തിയിരുന്നു. കോൺഗ്രസിന്റെ നേതൃതലത്തിൽ കൂടുതൽ യുവാക്കളെ കൊണ്ടുവന്ന് സമ്പൂർണ്ണ അഴിച്ചുപണിയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

രാഹുൽ അധ്യക്ഷനാകുന്നതോടെ പാർട്ടിയിൽ വിപുലമായ പുനഃസംഘടന നടക്കും. നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളും യുവാക്കളും വരുമെന്നാണ് കരുതപ്പെടുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും. രാഹുൽ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് നേരത്തെ തന്നെ പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ യോജിച്ച സമയം സംബന്ധിച്ച് അഭ്യൂഹം നിലനിന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഹുലിന് പകരം പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.