ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വാക്സിന് പകരം കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.ജനങ്ങൾക്ക് വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് മാത്രം വ്യക്തമാക്കാൻ മോദി സർക്കാരിന് കഴിയുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്തെ പ്രതിദിന വാക്‌സിനേഷൻ സംബന്ധിച്ച കണക്കുകളും രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകൾക്ക് 2021 ഡിസംബർ അവസാനത്തോടെ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കണമെങ്കിൽ ദിവസേന 80 ലക്ഷം പേർക്ക് വാക്സിൻ നൽകേണ്ടി വരും. എന്നാൽ പ്രതിദിനം രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന്റെ കണക്കെടുത്താൽ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി പ്രതിദിനം 34 ലക്ഷം മാത്രമാണെന്ന് രാഹുൽ ട്വീറ്റിൽ വ്യക്തമാക്കുന്നു.

അതിനാൽ തന്നെ ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്നും ട്വീറ്റിൽ രാഹുൽ വിമർശിക്കുന്നു.