കാലിഫോർണിയ: കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യുഎസിലെ ബെർകെലെയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നടത്തിയ പ്രസംഗം വിദേശികളെയും കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർക്കും ആവേശം പകരുന്നതായിരുന്നു. ഇന്ത്യയിൽ രാഷ്ട്രീയ എതിരാളികൾ പപ്പുമോൻ എന്നും അമുൽ ബേബിയെന്നും കളിയാക്കി വിളിക്കുന്ന രാഹുൽ ഇത്തരക്കാർക്ക് വായടപ്പിക്കുന്ന വിധത്തിലുള്ള മറുപടിയാണ് തന്റെ ഗംഭീരമായ പ്രസംഗത്തിലൂടെ ൻകിയത്.

ഇന്ന് രാവിലെ ഏഴ് മണിക്ക് (ഐഎസ്ടി) ആയിരുന്നു സദസ്യരെ കോരിത്തരിപ്പിച്ച പ്രസംഗം അരങ്ങേറിയത്. സ്വാതന്ത്ര്യത്തിന്റെ പ്രൗഢമായ 70ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയെക്കുറിച്ചായിരുന്നു രാഹുൽ സംസാരിച്ചിരുന്നത്. രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആനുകാലിക വിഷയങ്ങളെ കുറിച്ചും സമഗ്രമായി പഠിച്ച് കൃത്യമായി മറുപടി നൽകുന്ന വ്യത്യസ്തനായ രാഹുലിനെയാണ് ലോകം കണ്ടത്. വിമർശകരെ കൊണ്ട് പോലും നല്ലത്് പറയിപ്പിക്കാൻ അദ്ദേഹത്തിന് ഈ പ്രസംഗത്തിലൂടെ സാധിച്ചു.

ആഗോള തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന വാർത്തകൾ പുറത്തു വരുന്നതിന് ഇടെയാണ് രാഹുൽഗാന്ധിയുടെ നിലവാരം ഉയരുന്നതും. ഇന്ത്യൻ യുവനേതാവിനെ കാണാനും ചർച്ചകൾ നടത്താനും അമേരിക്കൻ നേതാക്കളും ബിസിനസ് ഭീമന്മാരും ആവേശത്തോടെയാണ് ഇവിടേക്ക് എത്തിയിരുന്നത്. ഈ പ്രസംഗത്തോടെ രാഹുൽ ഇക്കുറി ഇന്ത്യയിലേക്ക് മടങ്ങുക വർധിച്ച ആത്മവിശ്വാസത്തോടെയാണെന്നാണ് റിപ്പോർട്ട്.

' ഇന്ത്യ അറ്റ് 70' എന്ന വിഷയത്തെ മുൻനിർത്തി നടത്തിയ പ്രസംഗത്തിൽ രാഹുതിൽ നിലവിൽ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെപ്പറ്റിയും വിശദമായി പ്രതിപാദിച്ചിരുന്നു. തന്റെ മുത്തശ്ശിയുടെ അച്ഛനും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്രു 1949ൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ചരിത്രപ്രാധാന്യമുള്ള ഒരു പ്രസംഗം നടത്തിയതിന്റെ അലയൊലികൾ ഓർമപ്പെടുത്തുന്ന പ്രസംഗമായിരുന്നു വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ചെറുമകന്റെ പുത്രനും ഇവിടെ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആഗോള ചിന്തകർ, രാഷ്ട്രീയ നേതാക്കൾ, വിദേശ ഇന്ത്യക്കാർ തുടങ്ങിയവരുമായി ഇടപഴകുന്നതിനായിരുന്നു രാഹുൽ രണ്ടാഴ്‌ത്തെ യുഎസ് സന്ദർശനത്തിനെത്തിയത്.

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ പരിസ്ഥിതി, ജോലിസൃഷ്ടിക്കൽ, കോൺഗ്രസ് പാർട്ടി, നോട്ട് പിൻവലിക്കലിന്റെ പ്രത്യാഘാതങ്ങൾ , മറ്റ് പലവിധ പ്രശ്നങ്ങൾ തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളെല്ലാം തന്റെ സന്ദർശനത്തിനിടെ രാഹുൽ വിവിധ തലങ്ങളിലുള്ളവരുമായി ചർച്ച ചെയ്യുന്നുണ്ട്. യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തിയ പ്രസംഗത്തിലും ഈ വിഷയങ്ങളെല്ലാം രാഹുൽ സമർത്ഥമായി ഉയർത്തിക്കാട്ടിയിരുന്നു. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളിലൊന്നായ അഹിംസയെ തന്റെ പ്രസംഗത്തിൽ രാഹുൽ പ്രത്യേകം ഉയർത്തിക്കാട്ടിയിരുന്നു.

മോദി സർക്കാരിന്റെ വിദേശനയത്തിന്റെ അടിസ്ഥാന ആശയത്തോട് താൻ യോജിക്കുന്നുവെങ്കിലും അതിൽ പോരായ്മകൾ ഏറെയുണ്ടെന്ന് രാഹുൽ മുന്നറിയിപ്പേകുന്നു. അതായത് നിലവിലുള്ള വിദേശ നയം ഇന്ത്യയെ ഒരിക്കലും ഒററപ്പെടുത്തുന്നതാവാതിരിക്കാൻ വളരെ കരുതലെടുക്കേണ്ടിയിരിക്കുന്നുവെന്നും രാഹുൽ മുന്നറിയിപ്പേകുന്നു. മോദി സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ എന്ന സങ്കൽപത്തോടും തനിക്ക് യോജിപ്പുണ്ട്. എന്നാൽ ഈ സ്‌കീം നടപ്പിലാക്കുന്നതിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് രാഹുൽ പ്രസംഗത്തിൽ നിർദേശിച്ചിരിക്കുന്നത്. ചെറിയതും മീഡിയം തലത്തിലുള്ളതുമായ കമ്പനികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണിത് നടപ്പിലാക്കേണ്ടതെന്നാണ് രാഹുൽ ആവശ്യപ്പെടുന്നത്.

രാജ്യത്ത് ശുചിത്വം വ്യാപകമാക്കുന്നതിനുള്ള സ്വച്ഛഭാരത് പദ്ധതിയെയും രാഹുൽ പ്രശംസിക്കാൻ മറന്നില്ല. മോദി തന്റെയും പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന് പ്രത്യേക കഴിവുകളുണ്ടെന്നും നല്ല ആശയവിനിമയത്തിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും രാഹുൽ എടുത്ത് കാട്ടുന്നു. എന്നാൽ തനിക്കൊപ്പം പ്രവർത്തിക്കുന്നവരുമായി നന്നായി ആശയവിനിമയം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് എടുത്ത് കാട്ടുന്നു. ഈ ഒരു പ്രശ്നം തന്നോട് നിരവധി പാർലിമെന്റേറിയന്മാരും സൂചിപ്പിച്ചിരുന്നു.

2013ൽ യുപിഎ രണ്ടാം ഗവൺമെന്റിന് കാശ്മീരിലെ തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ സാധിച്ചിരുന്നുവെന്നും എന്നാൽ നിലവിൽ അത് വീണ്ടും തലപൊക്കിയിരിക്കുന്നുവെന്നും രാഹുൽ ആരോപിക്കുന്നു. തന്റെ അമ്മൂമ്മ ഇന്ദിരാഗാന്ധി, പിതാവ് രാജീവ് ഗാന്ധി എന്നിവർ ഭീകരതയുടെ ബലിയാടുകളാണെന്നും അതിനാൽ താൻ എന്നും അഹിംസയെ ഉയർത്തിപ്പിടിക്കുമെന്നും രാഹുൽ വ്യക്തമാക്കുന്നു. വേണ്ട വിധം ആലോചനയില്ലാതെ നടത്തിയ നോട്ട് പിൻവലിക്കൽ മില്യൺ കണക്കിന് തൊഴിലുകളെ തുടച്ച് നീക്കിയെന്നും ജിഡിപിയിൽ നിന്നും രണ്ട് ശതമാനം ഇല്ലാതാക്കിയെന്നും രാഹുൽ ആരോപിക്കുന്നു. മുകളിൽ നിന്നും താഴോട്ടുള്ള വികസനമാണ് ബിജെപിയുടെ രീതിയെന്നും എന്നാൽ താഴെ നിന്നും മുകളിലോട്ടുള്ള വികസനമാണ് ഇന്ത്യക്ക് വേണ്ടതെന്നും രാഹുൽ നിർദേശിക്കുന്നു.