ജോധ്പൂർ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിരോധിത മയക്കുമരുന്നുമായി അമേരിക്കയിൽ വച്ച് പിടികൂടിയിരുന്നു എന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം സഹിതം ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസിൽ വച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) രാഹുലിനെ പിടികൂടിയിരുന്നുവെന്നാണ് ബിജെപി നേതാവ് ആരോപിക്കുന്നത്.

2001ൽ 1.60 ലക്ഷം യുഎസ് ഡോളർ വിലവരുന്ന ലഹരിമരുന്നുമായി രാഹുലിനെ പിടികൂടിയിരുന്നുവെന്നാണ് സ്വാമിയുടെ ആരോപണം. മകനെ രക്ഷപെടുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയെ വിളിച്ചിരുന്നു. ഒടുവിൽ സോണിയയുടെ അഭ്യർത്ഥന പ്രകാരം വാജ്‌പേയി യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനെ വിളിക്കുകയും രാഹുലിനെ മോചിപ്പിക്കുകയുമായിരുന്നുവെന്നും സ്വാമി വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിവാദങ്ങളിൽ ഏറെക്കാലമായി ഉണ്ടായിരുന്നതാണ് ഈ ആരോപണം. ഇതാണ് ഇപ്പോൾ സുബ്രഹ്മണ്യം സ്വമി വീണ്ടും പറഞ്ഞിരിക്കുന്നത്. പിന്നീട് വിക്കിപീഡിയയിൽ നിന്നും ഈ ആരോപണം നീക്കം ചെയ്തിട്ടുണ്ട്. ലളിത് മോദി വിഷയത്തിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ തടയിടുന്നതിന് വേണ്ടിയാണ് സ്വാമിയുടെ പുതിയ ആരോപണം. ആരോപണ വിധേയായ വസുന്ധര രാജേയെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു സ്വാമിയുടെ പരാമർശം. തനിയ്‌ക്കെതിരായ ആരോപണങ്ങളെ നേരിടാനും സത്യം തെളിയിക്കാനുമുള്ള കഴിവ് വസുന്ധര രാജെയ്ക്ക് ഉണ്ടെന്നും സ്വാമി പറയുന്നു.

വസുന്ധരരാജെയെ 'ഝാൻസി കി റാണി'യെന്നാണ് സുബ്രഹ്മണ്യം സ്വാമി വിശേഷിപ്പിച്ചത്. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും അതെല്ലാം വസുന്ധര ഒറ്റയ്ക്കാണ് നേരിടുന്നത്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടായാൽ താൻ തീർച്ചയായും സഹായിക്കുമെന്നും സ്വാമി വ്യക്തമാക്കി. വർഷകാല സമ്മേളനം തുടങ്ങി തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റിൽ കോൺഗ്രസ് ബഹളം തുടരുകയാണ്. ഇവർക്കെതിരായ ആരോപണങ്ങളെ നേരിടാൻ സോളാർ, ബാർകോഴ കേസുകളെയാണ് ബിജെപി പരിചയായി ഉപയോഗിക്കുന്നത്.