തിരുവനന്തപുരം/ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിൽ പാർട്ടിയിൽ നിന്നും അവധിയെടുത്ത് പോയ രാഹുൽ ഗാന്ധി എവിടെയാണ്? ഇന്ത്യ വിട്ടിട്ടില്ലെന്നും വിട്ടെന്നും വാർത്തകൾ വരുന്നതിനിടെ രാഹുൽ കൂടുതൽ ശക്തനായി തിരിച്ചുവരുമെന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി രംഗത്തെത്തി. രാഹുലിന്റെ അവധി താൽക്കാലികം മാത്രമാണ്. അദേഹത്തിന്റെ സാന്നിദ്ധ്യം പലർക്കും പേടിയാണ്. അത്തരക്കാരാണ് വിവാദമുണ്ടാക്കുന്നതെന്നും ആന്റണി തുറന്നടിച്ചു.

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ രാഹുലിന്റെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും ആന്റണി പറഞ്ഞു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചു വരും. ഇന്ത്യയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് നരേന്ദ്ര മോദി സർക്കാരിനില്ലെന്നും ആന്റണി പറഞ്ഞു. അവധിക്ക് ശേഷം തിരിച്ചെത്തിയാൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന വാർത്തകളെ സാധൂകരിക്കുന്നതാണ് ആന്റണിയുടെ പ്രസ്താവന. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളും തയ്യാറാക്കിയാകും രാഹുൽ തിരിച്ചെത്തുക എന്നാണ് അറിയുന്നത്. അനവസരത്തിൽ അവധിയെടുത്ത് മുങ്ങിയ രാഹുൽ ഗാന്ധിയുടെ നടപടി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

അതിനിടെ രാഹുൽഗാന്ധിയുടെ അജ്ഞാതവാസം ഉത്തരാഖണ്ഡിലല്ല, ഒരു യൂറോപ്യൻ രാജ്യത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുതുന്നുണ്ട്. യൂറോപ്പിലെ അജ്ഞാത കേന്ദ്രത്തിൽ ബുദ്ധമത വിശ്വാസികളുടെ വിപാസന ധ്യാനത്തിലാണ് രാഹുൽഗാന്ധിയെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ടു ചെയ്തു. ധ്യാനത്തിന് ശേഷം ഒമ്പതിന് രാഹുൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹി തിരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന കടവമാണ് രാഹുലിൽ ഉള്ളത്. അതിനുള്ള കർമ്മപദ്ധതിയും രാഹുൽ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയോടും അവരോട് ചേർന്നു നിൽക്കുന്ന മുതിർന്ന നേതാക്കളോടുമുണ്ടായ അഭിപ്രായ ഭിന്നത കാരണമാണ് രാഹുൽ അവധിയിൽ പ്രവേശിച്ചതെന്ന് വാർത്തകളായിരുന്നു നേരത്തെ പുറത്തുവന്നത്. രാഹുലിന്റെ വിശ്വസ്തരെ പാർട്ടിയിലെ സുപ്രധാന പദവികളിൽ കൊണ്ടുവരാനുള്ള നീക്കത്തെ സോണിയയും അവരുടെ ഉപേദേശകരും എതിർത്തതാണ് രാഹുൽ പിണക്കാങ്ങാൻ കാരണമെന്നുമായിരുന്നു വാർത്തകൾ.

എന്നാൽ മടങ്ങിയെത്തുന്ന രാഹുൽ കോൺഗ്രസിന്റെ മുൻനിരപോരാളിയായി രംഗത്തിറങ്ങുമെന്നും അറിയുന്നു. അജയ് മാക്കനെ ഡൽഹി പിസിസി അധ്യക്ഷാനായി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നുമാണ് റിപ്പോർട്ട്. മാക്കന്റെ നിയമനകാര്യത്തിൽ അവധിയിൽ പ്രവേശിക്കും മുമ്പേ രാഹുൽ അനുമതി നൽകിയിരുന്നതായി സൂചനകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഉത്തരവാദി മാക്കനും അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ പ്രവൃത്തികളുമാണെന്ന് മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കുറ്റപ്പെടത്തിയിരുന്നു. കൂടുതൽ സംസ്ഥാനങ്ങളിൽ പാർട്ടി അധ്യക്ഷന്മാരെ മാറ്റാനും രാഹുൽ തയ്യാറായേക്കുമെന്നാണ് സൂചന.