തിരുവനന്തപുരം: തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി വർഗീയകലാപം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. കേന്ദ്ര ഭരണം ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാൽ വിവിധ വിഭാഗങ്ങൾ തമ്മിൽ വിദ്വേഷം വളർത്തി അതിൽനിന്നു മുതലെടുക്കാനാണു ബിജെപിയുടെ ശ്രമം. കോൺഗ്രസ് ഇതിനു നേരേ വിപരീതമായി വിവിധ മതവിഭാഗങ്ങളെ തമ്മിൽ കൂട്ടിയിണക്കാനാണു ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ നയിച്ച ജനപക്ഷയാത്രയുടെ സമാപന പൊതുയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽഗാന്ധി.

കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും മറ്റും തിരഞ്ഞെടുപ്പിനു മുമ്പു പ്രസംഗിച്ചവർ ഇപ്പോൾ ജനങ്ങളോടു ചൂലെടുക്കാനാണ് ആവശ്യപ്പെടുന്നത്. ദേശീയ തൊഴിലുറപ്പു പദ്ധതി വെട്ടിച്ചുരുക്കി കരാറുകാർക്കു മാത്രമാക്കി. യുപിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും തിരഞ്ഞെടുപ്പു വന്നപ്പോൾ കലാപം സൃഷ്ടിച്ചു വോട്ടു നേടാനാണു ശ്രമിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിൽ അകറ്റിനിർത്തിയുള്ള ഭരണമാണു നരേന്ദ്ര മോദി നടത്തുന്നത്. ആർഎസ്എസിന്റെ ആശയം രാജ്യത്തു നടപ്പാക്കാനാണു പ്രധാനമന്ത്രിയുടെ ശ്രമം. ഒരു വ്യക്തിയിലേക്കു മാത്രമാണു രാജ്യത്തിന്റെ അധികാരം കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണത്തിന്റെ നൂറു ദിവസത്തിനുള്ളിൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നാണു മോദി പറഞ്ഞത്. എന്നാൽ, ഒരു പൈസ പോലും തിരികെ വന്നില്ല. വികസനത്തിന്റെ പേരു പറഞ്ഞു പാവപ്പെട്ടവന്റെ പൈസയെടുത്തു മോദി വൻ ബിസിനസുകാർക്കും കോൺട്രാക്ടർമാർക്കും നൽകുകയാണ്. കഴിഞ്ഞ ആറുമാസം നരേന്ദ്ര മോദി സർക്കാർ രാജ്യത്തു ചെയ്ത കാര്യങ്ങൾ തമാശപോലെയാണു തോന്നുന്നത്. അടുത്ത നാലര വർഷം രാജ്യത്തെ ജനങ്ങൾക്കുവേണ്ടി സർക്കാർ എന്തുചെയ്യുമെന്നറിയാൻ ആഗ്രഹമുണ്ട്. രാജ്യത്തു രണ്ട് ആശയങ്ങൾ തമ്മിലാണു പോരാട്ടം നടക്കുന്നത്. ആദ്യത്തേതു കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന മതസൗഹാർദം കെട്ടിപ്പടുക്കുകയെന്ന ആശയമാണ്. ക്യൂവിൽ അവസാനം നിൽക്കുന്ന ആളെയും സഹായിക്കുക എന്നതാണു കോൺഗ്രസിന്റെ ലക്ഷ്യം.

എന്നാൽ, രാജ്യത്തെ മതസൗഹാർദം തകർക്കുകയെന്നതാണു ബിജെപിയുടെ ആശയം. മാതൃകാ ഗ്രാമമെന്ന മോദിയുടെ ലക്ഷ്യം സ്വപ്നമായി അവശേഷിക്കുകയാണ്. തന്റെ മണ്ഡലത്തിൽ 700 ഗ്രാമമുണ്ടെന്നു പറഞ്ഞ രാഹുൽ മാതൃകാ ഗ്രാമത്തിനായി ഒരു പൈസപോലും ഇതുവരെയും നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. മാതൃകാ ഗ്രാമത്തിനായി ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നു ചോദിച്ചപ്പോൾ മൗനമായിരുന്നു മോദിയുടെ മറുപടി. ഏതു വിഷയത്തെക്കുറിച്ചു ചോദിച്ചാലും പ്രധാനമന്ത്രി മൗനത്തിലാണ്.

കോൺഗ്രസിന്റെ ആശയമാകട്ടെ മതങ്ങൾ തമ്മിൽ സൗഹാർദം ഊട്ടിയുറപ്പിക്കുകയാണ്. ജനങ്ങൾ ഇക്കാര്യം തിരിച്ചറിയുമ്പോൾ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തും. മദ്യവും ലഹരിമരുന്നും പോലുള്ള സാമൂഹിക പ്രശ്‌നങ്ങൾ ഏറ്റെടുത്ത കെപിസിസിയുടെ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വിമാനത്താവളത്തിൽ നിന്നു സമ്മേളനവേദിയായ പുത്തരിക്കണ്ടം മൈതാനത്തെത്തിയ രാഹുൽ ഗാന്ധിക്ക് ഊഷ്മളമായ സ്വീകരണമാണു പാർട്ടി നേതാക്കൾ നൽകിയത്. കെപിസിസിയുടെ ഉപഹാരം പ്രസിഡന്റ് വി എം. സുധീരൻ രാഹുൽഗാന്ധിക്കു നൽകി.