ന്യൂഡൽഹി: നോട്ടു നിരോധനത്തിൽ രാജ്യത്തിനുള്ള നേട്ടങ്ങളും കോട്ടങ്ങളും പ്രധാനമന്ത്രി നരേദന്ദ്രമോദി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയോട് അഞ്ചു ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളുമാണ് കോൺഗ്രസിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഉന്നയിച്ചിരിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം മൊത്തം എത്ര കള്ളപ്പണം പിടിച്ചെടുത്തു, രാജ്യത്തിനുവന്ന സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും എത്ര, നോട്ട് അസാധുവാക്കൽ കാരണം എത്ര സാധാരണക്കാരുടെ ജീവൻ നഷ്ടമായി? ഇതിൽ എത്രപേർക്ക് സർക്കാർ നഷ്ടപരിഹാരം നൽകി, നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എത്ര സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിയാലോചിച്ചു- അവർ ആരൊക്കെ, നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറു മാസം മുമ്പ് 25 ലക്ഷം രൂപ വീതം നിക്ഷേപിച്ചവരുടെ പേരുവിവരം പുറത്ത് വിടുക എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞ 50 ദിവസം കഴിയാറായി. പ്രധാനപ്പെട്ട ഈ ചോദ്യങ്ങൾക്ക് ഇനി അദ്ദേഹം ഉത്തരം പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

ഇതോടൊപ്പം പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണവും പിൻവലിക്കുകയെന്നതടക്കമുള്ള ആവശ്യങ്ങളും രാഹുൽ ഉന്നയിച്ചിരിക്കുന്നു. നിയന്ത്രണങ്ങൾ നിലനിൽക്കുന്നിടത്തോളം നിക്ഷേപങ്ങൾക്ക് 18 ശതമാനം പലിശ നൽകുകയും ഡിജിറ്റൽ പണമിടപാടുകൾക്ക് ഏർപ്പെടുത്തിയ രഹസ്യ നിരക്കുകൾ പിൻവലിക്കുകയും ചെയ്യുക, ഒരു വർഷത്തേക്ക് പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വില പകുതിയായി കുറയ്ക്കുകയും റാബി വിളകൾക്ക് താങ്ങു വിലയ്ക്കു പുറമെ 20 ശതമാനം ബോണസ് നൽകുകയും ചെയ്യുക, നോട്ട് നിരോധനം കാരണമുള്ള ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുറഞ്ഞത് ഒരു സ്ത്രീയുടെ അക്കൗണ്ടിലെങ്കിലും ഇടക്കാല ആശ്വാസമായി 25,000 രൂപ നൽകുക, തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും നോട്ട് നിരോധനത്തിന്റെ ഫലമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് മാർച്ച് 31 വരെ നഷ്ടപരിഹാരം നൽകുകയും ചെയ്യുക, ചെറുകിട ഇടത്തരം വ്യാപാരികൾക്ക് ആദായ നികുതിയിലും വിൽപ്പന നികുതിയിലും 50 ശതമാനം ഇളവുകൾ നൽകുക, സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനായി കേന്ദ്രം സഹായം നൽകുക എന്നീ ആവശ്യങ്ങളുമാണ് രാഹുൽ മുന്നോട്ടുവച്ചിരിക്കുന്നത്.

ഇതിനു മറുപടി നല്കിയ ബിജെപി, ഹെലികോപ്റ്റർ അഴിമതിയിൽ ആർക്കാണ് ഗുണം ലഭിച്ചതെന്ന ചോദ്യത്തിന് രാഹുൽ ആദ്യം ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി കള്ളപ്പണക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. കള്ളപ്പണം ഉപയോഗിച്ച് രാജ്യത്തെ നശിപ്പിക്കുന്ന കള്ളപ്പണക്കാരെയാണ് നിങ്ങൾ സഹായിക്കാൻ ശ്രമിക്കുന്നത്. നിങ്ങളുടെ ഇച്ഛാഭംഗം മനസിലാക്കാൻ സാധിക്കുമെന്നും ബിജെപി നേതാവ് ശ്രീകാന്ത് ശർമ പറഞ്ഞു.