ന്യൂഡൽഹി: നോട്ടുകൾ മാറാനും മറ്റുമായി നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടിഎമ്മിനു മുന്നിൽ വരി നിന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. അതോടൊപ്പം 'ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിലെത്തി' നാലായിരം രൂപ ബാങ്കിൽ നിന്ന് ക്യൂനിന്ന് മാറ്റിയ കോൺഗ്രസ് ഉപാധ്യക്ഷനെ കളിയാക്കി ബിജെപി അനുകൂലികൾ സോഷ്യൽ മീഡയിലും വിമർശനം ശക്തമാകുന്നു.

എന്നാൽ കറൻസിനിരോധനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുറന്നുകാട്ടാനാണ് രാഹുൽ ശ്രമിച്ചതെന്ന് വ്യക്തമാക്കി ശശി തരൂർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ തുടർന്ന് പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ജനം തിരക്കുകൂട്ടുന്നതിനിടെയാണ് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയ്ക്ക് മുന്നിൽ സാധാരണക്കാർക്കൊപ്പം ക്യൂവിൽ പണം മാറുന്നതിനായി രാഹുൽ ഇന്നലെ നിലയുറപ്പിച്ചത്. 4000 രൂപ മാറ്റിയെടുക്കാനും ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അവരിൽ ഒരാളായി അത് നേരിട്ടറിയാനുമാണ് താൻ എത്തിയതെന്ന് രാഹുൽ പറഞ്ഞു.

സാധാരണ ജനങ്ങൾ വലയുകയാണെന്നും മീഡിയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാത്രമാണ് സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ അറിയാത്തതെന്നും രാഹുൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ക്യൂവിൽ സാധാരണക്കാരെ മാത്രമാണ് കാണുന്നതെന്നും അല്ലാതെ ഒരു പണക്കാരനെ പോലും കാണാൻ കഴിയുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ക്യൂവിൽ നിൽക്കുന്നവർക്കൊപ്പം രാഹുൽ സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ അഭിപ്രായങ്ങളുമായെത്തുന്നതും സോഷ്യൽ മീഡയയിലും വിഷയം സജീവ ചർച്ചയായതും.

കറൻസി മാറ്റാൻ രാഹുൽ ബാങ്ക് ശാഖയിലെത്തിയതു മാദ്ധ്യമശ്രദ്ധ നേടാനുള്ള പരിപാടിയായിരുന്നെന്ന് പ്രതികരിച്ച കേന്ദ്രമന്ത്രി ജാവദേക്കർ പാർലമെന്റ് സ്ട്രീറ്റിലെ എസ്‌ബിഐ ശാഖയ്ക്കു മുന്നിൽ ക്യൂ നിന്ന രാഹുൽ ഗാന്ധി ജീവിതത്തിൽ ആദ്യമായാകും ബാങ്ക് സന്ദർശിച്ചതെന്നും കളിയാക്കി. കൂടാതെ നെഹ്‌റു കുടുംബത്തിൽ പിറന്നവർക്കുപോലും ക്യൂ നിൽക്കേണ്ടിവന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്നും ഉന്നതവംശങ്ങളിൽ പിറന്നവരും ഇനി ക്യൂ നിന്നു നിയമത്തെ നേരിടേണ്ടിവരുമെന്നു ജാവദേക്കർ കൂട്ടിച്ചേർത്തു.

ഇതിനു മറുപടിയുമായി കോൺഗ്രസ് എംപികൂടിയായ ശശി തരൂർ രംഗത്തെത്തി. കറൻസി മാറ്റിവാങ്ങുന്നതിന് പൊതുജനം അനുഭവിക്കുന്ന ദുരിതമെന്തെന്ന് തുറന്നുകാട്ടാൻ ആയിരുന്നു രാഹുലിന്റെ ശ്രമമെന്നും ഇതിനെ വിമർശിക്കുന്നത് വിവരക്കേടാണെന്നുമായിരുന്നു ശശി തരൂരിന്റെ അഭിപ്രായം. സാധാരണക്കാരൻ അനുഭവിക്കുന്ന വിഷമം തുറന്നുകാട്ടാനായിരുന്നു രാഹുലിന്റെ ശ്രമം.

കള്ളപ്പണക്കാരെയും ചാക്കുകളിൽ പണം സൂക്ഷിച്ചുവയ്ക്കുന്ന ബിസിനസുകാരെയും ഉന്നംവച്ചാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. പക്ഷേ, സമ്പന്നർ അവരുടെ പണം ഒളിപ്പിക്കാൻ മറ്റുവഴികൾ തേടുകയും പാവങ്ങൾ പെരുവഴിയിൽ ക്യൂനിൽക്കുകയും ചെയ്യേണ്ട സ്ഥിതിയാണ് ഉണ്ടായത്. കള്ളപ്പണക്കാരിൽ ഭൂരിഭാഗവും അവരുടെ പണം റിയൽഎസ്റ്റേറ്റ് രംഗത്തും സ്വർണത്തിലും നിക്ഷേപിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. - തരൂർ പറഞ്ഞു.

സാധാരണക്കാർക്ക് പക്ഷേ, കൈവശമുള്ള പണം ഇങ്ങനെ ചെലവഴിച്ച് തീർക്കാനാവില്ല. അവർ ആ പണം മാറ്റിക്കിട്ടാൻ ബാങ്കുകളിലും എടിഎമ്മുകളിലും ക്യൂനിൽക്കേണ്ടിവരുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി. 1978ൽ ജനതാ പാർട്ടി നോട്ടുനിരോധിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്നും സമാനമായ സ്ഥിതിതന്നെ ഇപ്പോഴും ഉണ്ടാകുമെന്നും തരൂർ പറയുന്നു. അന്ന് ജനം പുതിയ നോട്ടുകൾ വീണ്ടും ശേഖരിച്ചു തുടങ്ങിയതുപോലെ ഇത്തവണയും സംഭവിക്കാനുള്ള ആശങ്കയും തരൂർ പങ്കുവയ്ക്കുന്നു. അന്ന് പുറത്തിറക്കിയ പുതിയ നോട്ടുകൾ പിന്നീട് കള്ളപ്പണമായി മാറിയതുപോലെ തന്നെ ഇത്തവണയും പുതിയ നോട്ടുകൾ കള്ളപ്പണമായി മാറില്ലെന്നതിന് എന്താണുറപ്പെന്നാണ് തരൂരിന്റെ ചോദ്യം.