ലക്‌നൗ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പക്വത എന്നും ഒരു ചർച്ചാവിഷയമാണ്. രാഹുലിന്റെ പല നടപടികളും സോഷ്യൽ മീഡിയയിലടക്കം വലിയ ആക്ഷേപത്തിനും പരിഹാസത്തിനും ഇടയാക്കിയിട്ടുണ്ട്. പക്ഷേ അത്തരം കാര്യങ്ങളിൽ രാഷ്ട്രീയ എതിരാളികളുടെ പങ്ക് ഉണ്ടായിരുന്നു. ഇതാ ഇപ്പോൾ സ്വന്തം പാളയത്തിൽനിന്നുതന്നെ രാഹുലിനു ക്ഷീണം വരുത്തുന്ന പ്രസ്താവന ഉണ്ടായിരിക്കുന്നു.

മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ആണു പ്രസ്താവന നടത്തിയത്. രാഹുൽ ഗാന്ധിക്കു വേണ്ടത്ര പക്വത വന്നിട്ടില്ലെന്നും അതിനു കൂടുതൽ സമയമെടുക്കുമെന്നുമാണ് ഷീല പറഞ്ഞത്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കവെ, ഷീലയുടെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒട്ടും ബഹുമാനം നല്കാത്ത നേതാവാണ് രാഹുൽ. രാഹുൽ എന്തു പറഞ്ഞാലും പരിഹാസത്തിന്റെ ചുവയോടെയേ മോദി മറുപടി നല്കാറുള്ളൂ. ഇതിനിടെ സ്വന്തം പാർട്ടിയിൽനിന്നുതന്നെ തനിക്കു പക്വതി ഇല്ലെന്ന് മുതിർന്ന നേതാവ് പറഞ്ഞിരിക്കുന്നത് രാഹുലിനും കോൺഗ്രസിനും വലിയ ക്ഷീണം ചെയ്യും. ഷീലയുടെ പ്രസ്താവാന രാഷ്ട്രീയ എതിരാളികൾ ഏറ്റെടുത്തുകഴിഞ്ഞു.

ഏഴു ഘട്ടങ്ങളായി വോട്ടെടുപ്പു നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെയാണ് ഷീലാ ദീക്ഷിതിന്റെ പ്രസ്താവന. 'രാഹുൽ ഗാന്ധിക്ക് വേണ്ടത്ര പക്വത വന്നിട്ടില്ല. അദ്ദേഹം ചെറുപ്പമാണ്. നാൽപത് വയസ് കഴിഞ്ഞിട്ടേയുള്ളൂ. നല്ലൊരു നേതാവായി വളരാൻ അദ്ദേഹത്തിനു കുറച്ചുകൂടി സമയം അനുവദിക്കൂ' ഇതായിരുന്നു ഷീലാ ദീക്ഷിതിന്റെ പരാമർശം.

ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീലാ ദീക്ഷിത് ഇങ്ങനെ പറഞ്ഞത്. സംഭവം രാഷ്ട്രീയ എതിരാളികൾ ഏറ്റെടുത്തതോടെ വിശദീകരണവുമായി അവർ രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും ഷീല ആരോപിച്ചു. കോൺഗ്രസിൽ നേതൃമാറ്റത്തിന് സമയമായെന്നും രാഹുൽ ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു.

രാഹുൽ ഗാന്ധിക്ക് ഇപ്പോഴും 'കുട്ടിക്കളി' മാറിയിട്ടില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനെതിരെ സ്ഥിരമായി ഉയർത്തുന്നതാണ്. സമാന രീതിയിലുള്ള പ്രസ്താവന കോൺഗ്രസിന്റെ മുതിർന്ന നേതാവിൽനിന്നും ഉണ്ടായതോടെ, ഇത് ബിജെപി നേതാക്കൾ രാഷ്ട്രീയ ആയുധമാക്കുമെന്നും ഉറപ്പ്.