ന്യൂഡൽഹി: പാർട്ടിയിൽ നിന്നും അവധിയെടുത്ത് വിദേശത്ത് പോയ ശേഷം വീണ്ടും ഇന്ത്യയിൽ എത്തിയത് മറ്റൊരു വ്യക്തി ആയിട്ടായിരുന്നു. അതുവരെ കണ്ട നാണം കുണുങ്ങിയായ രാഹുൽ ഗാന്ധിയിൽ നിന്നും വ്യത്യസ്തനായി നരേന്ദ്ര മോദി എന്ന രാഷ്ട്രീയ എതിരാളിയോട് നേരിട്ടു നിൽക്കാൻ പോന്ന വ്യക്തിയായാണ് അദ്ദേഹം എത്തിയത്. തിരികെ എത്തിയ രാഹുൽ പാർലമെന്റിന് അകത്തും പുറത്തുമായി ബിജെപിയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തു. ഇത് കോൺഗ്രസുകാർക്ക് ചെറിയ ആവേശമൊന്നുമല്ല പകർന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പഠിച്ച് അതിന് അനുസരിച്ച് പെരുമാറുന്ന രാഹുൽ ഗാന്ധി കോൺഗ്രസിനെ മുന്നിൽ നിന്നും നയിക്കാൻ ഒരുങ്ങുന്നു എന്നാണ് വാർത്ത. നിലവിൽ പാർട്ടിയുടെ ഉപാധ്യക്ഷനായി രാഹുൽ സെപ്റ്റംബർ മാസത്തോടെ പാർട്ടി അധ്യക്ഷനായി നിയമിനതായേക്കും.

എഐസിസിയുടെ എൺപത്തിനാലാമത് സമ്മേളനത്തിലാവും അമ്മയും നിലവിൽ കോൺഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ അധികാരം ഏറ്റെടുക്കുക. കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽ വച്ചായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണം. 2010 ഡിസംബറിൽ ഡൽഹിയിലെ ബുരാരിയിലാണ് ഇതിനുമുമ്പ് കോൺഗ്രസിന്റെ സമ്പൂർണ സമ്മേളനം നടന്നത്. നേരത്തെ കഴിഞ്ഞ പാർലമെന്റിന്റെ ബജറ്റ് സമ്മേശളനം അവസാനിച്ചപ്പോൾ തന്നെ രാഹുലിനെ പാർട്ടി അദ്ധ്യക്ഷനാക്കണം എന്ന നിലപാടിലായിരുന്നു പല മുതിർന്ന കോൺഗ്രസ് നേതാക്കളും.

എന്നാൽ, മോദി സർക്കാരിനെതിരെ രാഷ്ട്രീയ വികാരം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് രാഹുൽ ഗാന്ധി. മോദി സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പൊള്ള വെളിച്ചത്തു കൊണ്ടുവരാൻ അദ്ദേഹം പരാമാവധി ശ്രമിക്കുകയും ചെയ്തു. കർഷക മേഖലയിൽ പ്രക്ഷോഭം നയിക്കുകയാണ് ഉണ്ടായത്. കർഷക ആത്മഹത്യ നടന്ന ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരെ കൈയിലെടുക്കുകയും ചെയതിരുന്നു അദ്ദേഹം. ഇങ്ങനെ, ഒരു ഇമേജ് മാറ്റത്തിന് ശേഷമാണ് പാർട്ടിയുടെ അധ്യക്ഷൻ സ്ഥാനത്തേക്ക് രാഹുൽ എത്താൻ ഒരുങ്ങുന്നത്.

ഭൂമിയേറ്റെടുക്കൽ ബിൽ അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളാണ് രാഹുൽ ആസൂത്രണം ചെയ്യുന്നതെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചിരുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലുങ്കാന, കേരളം, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, പശ്ചിമ ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും ജൂൺ അവസാനത്തോടെ രാഹുൽ സന്ദർശനം നടത്തും.

സംഘടനാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എന്ന നിലയിലാണ് എ.ഐ.സി.സി സമ്മേളനം നടക്കുക. രണ്ടു മാസം നീളുന്ന സംഘടനാ തിരഞ്ഞെടുപ്പാണ് നടക്കുക. ഇപ്പോൾ അംഗത്വ വിതരണവും മറ്റുമാണ് നടന്നുവരുന്നത്. മെയ്‌ 15വരെയാണ് അംഗത്വ വിതരണത്തിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും അത് ഒരു മാസം കൂടി നീട്ടാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് സംഘടനാ തിരഞ്ഞെടുപ്പ് അവസാനിക്കുക. എന്നാൽ, സെപ്റ്റംബർ പകുതിയോടെ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനേയും മറ്റ് പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുക്കുന്ന എ.ഐ.സി.സി സമ്പൂർണ സമ്മേളനത്തോടെ പ്രക്രിയകൾ അവസാനിക്കും.

എന്തായാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന രാഹുൽ ഗാന്ധി പാർട്ടിയെ ഒരു ഉടച്ചുവാർക്കലിന് ശ്രമിക്കുമെന്നാണ് സൂചനകൾ.