ദുബായ്: ദുബായിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വെങ്ങര സ്വദേശി കുഞ്ഞിക്കണ്ണന്റെ മകൻ പറത്തി രാഹുൽ(39) ആണ് മരിച്ചത്. സിഗററ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാണെന്ന് അപകടകാരണമെന്നാണ് കരുതുന്നത്.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഖിസൈസ് ലുലു വില്ലേജിന് പിറകുവശത്തെ കെട്ടിടത്തിലെ ഫളാറ്റിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു രാഹുൽ താമസിച്ചിരുന്നത്. രാഹുൽ ഉറങ്ങാൻ കിടന്നപ്പോൾ തീപിടരുകയായിരുന്നു. പൊലീസും അഗ്നിശമന സേനയുമാണ് സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുപത് വർഷത്തിലേറെയായി യുഎഇയിലുള്ള രാഹുൽ ദുബായിൽ ടെലിഫോൺ ഇൻസ്റ്റലേഷൻ സംബന്ധമായ ബിസിനസ് നടത്തുകയായിരുന്നു. ഒഐസിസി എക്‌സിക്യുട്ടീവ് അംഗവും പ്രിയദർശിനി ജനറൽ സെക്രട്ടറിയുമാണ്. പൊലീസ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.