തിരുവനന്തപുരം: കണ്ണൂർ പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സാംസ്‌കാരിക നായകർ പുലർത്തുന്ന മൗനത്തെ പരിഹാസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ എം.ബി രാജേഷിന് പിന്തുണയുമായി രംഗത്തെത്തിയ എഴുത്തുകാരി കെ.ആർ. മീരയെയാണ് രാഹുൽ പരിഹസിച്ചത്.

മീരയുടെ നെറ്റ് ഓഫർ തീർന്നതുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് രാഹുൽ പ്രതികരിച്ചു. 'അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി 'മനുഷ്യ സ്‌നേഹിയുമായ' ശ്രീമതി കെ.ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..' രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു. മീരയുടെ ഫോട്ടോ ഉൾപ്പടെ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരിൽ ലീഗ് പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷം മൻസൂറിനെ അക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. സഹോദരൻ മുഹ്‌സിനും വെട്ടേറ്റു. 

പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം. പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൻസൂറിന്റെ അയൽവാസിയുമായ ഷിനോസാണ് പിടിയിലായത്.