- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് അധ്യക്ഷനായിരുന്നപ്പോൾ രാഹുലിന്റെയും അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകൾ ചോർത്തി; പ്രശാന്ത് കിഷേറിന്റെ ഫോണും ചോർന്നു; ആരോപണം നിഷേധിച്ച കേന്ദ്ര ഐടി മന്ത്രിയും പട്ടികയിൽ; പെഗസ്സിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ രണ്ട് മൊബൈൽ ഫോണുകളാണ് 2018 മുതൽ ചോർത്തിയതെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. രാഹുൽ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോർത്തി.
ഇസ്രയേൽ ചാര സോഫ്റ്റ്വെയർ പെഗസ്സസിന്റെ നിരീക്ഷണത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേൽ തുടങ്ങിയ പ്രമുഖരും നിരീക്ഷണ വലയത്തിൽ ആയിരുന്നെന്ന് ഓൺലൈൻ മാധ്യമമായ 'ദ് വയർ' പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പേരുമുണ്ട്.
രാഹുലിന്റെ രണ്ടു ഫോണുകൾ ചോർത്തിയെന്നാണു വിവരം. പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2018 2019 കാലഘട്ടത്തിലായിരുന്നു ചാരവൃത്തി നടന്നത്. ഐടി വകുപ്പിന്റെ ചുമതലയോടെ കഴിഞ്ഞ ദിവസമാണ് അശ്വിനി കേന്ദ്രമന്ത്രിസഭയിൽ അംഗമായത്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപായി പുറത്തുവന്ന വിവരങ്ങളിൽ യാതൊരു ആധികാരികതയും ഇല്ലെന്നായിരുന്നു അശ്വിനിയുടെ പ്രതികരണം.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കാനുള്ള പ്രചാരണ ചുമതലയേറ്റെടുത്തത് പ്രശാന്ത് കിഷോറായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബംഗാളിൽ മമതയുടെയും തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെയും വിജയങ്ങൾക്കു പിന്നിലും പ്രശാന്ത് പ്രവർത്തിച്ചു. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയും പട്ടികയിലുണ്ട്.
2018 ജൂൺ മുതൽ 2019 ജൂൺ വരെയാണ് രാഹുൽ ഗാന്ധിയുടെ രണ്ട് ഫോണുകളും ചോർത്തിയത്. മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകൾ ചോർത്തിയതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിലൊന്ന് രാഹുൽ ഗാന്ധിയാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോൺ ചോർത്തിയത്. എന്നാൽ ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട രാഹുൽ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളിൽ ആർക്കും തന്നെ രാഷ്രീയ- സാമൂഹിക ബന്ധങ്ങളുല്ലെന്നും ദി വയർ റിപ്പോർട്ട് ചെയ്തു. ഫോൺ ചോർത്തൽ സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു എന്നാണ് ഇക്കാര്യത്തിൽ രാഹുൽ ഗന്ധി പ്രതികരിച്ചത്.
'നമുക്കറിയാം അയാൾ എന്തെല്ലാമാണ് വായിച്ചിട്ടുണ്ടാകുകയെന്ന് -നമ്മുടെ ഫോണിലുള്ളതെല്ലാം' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ചാരസോഫ്റ്റ്വെയറായ പെഗസ്സസ് ഉപയോഗിച്ച് ഇസ്രയേൽ കമ്പനി ഫോൺ ചോർത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ലോക്സഭയിലും രാജ്യസഭയിലും വിഷയം ചർച്ചയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തിങ്കളാഴ്ച ആരംഭിച്ച വർഷകാല സമ്മേളത്തിൽ സഭ നിർത്തിവെക്കുകയും ചെയ്തിരുന്നു.
പെഗസ്സസ് റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുമ്പ് ഇതിന്റെ സൂചനകൾ നൽകി ജൂലൈ 16ന് രാഹുൽ ഗാന്ധി ഒരു ട്വീറ്റ് ചെയ്തിരുന്നു. 'ഈ ദിവസങ്ങളിൽ നിങ്ങൾ എന്തെല്ലാമാണ് വായിക്കുന്നതെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു'വെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കൂടാതെ നിരവധി പേർ പെഗസ്സസുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുമ്പ് സൂചനകൾ പങ്കുവെച്ച് ട്വീറ്റ് ചെയ്തിരുന്നു
കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേൽ എന്നിവരുടെ ഫോണുകളും ചോർത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നിൽ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോർത്തിയതായി വാർത്തകൾ പുറത്തുവന്നത്. പ്രഹാളാദ് സിങ് പട്ടേലുമായി അടുത്ത് ബന്ധമുള്ള 18 പേരുടെ വിവരങ്ങളും ചോർത്തിയവരുടെ പട്ടികയിലുണ്ട്.
ഇവർക്ക് പുറമേ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷേറിന്റെ ഫോണും ചോർത്തിയിട്ടുണ്ട്. മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരുടെ ഫോണും ചോർത്തിയവയിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അവളുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോൺ നമ്പറുകളും ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.
മോദി സർക്കാരിലെ മൂന്ന് മന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കൾ, സുരക്ഷാ ഏജൻസികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികൾ, 40 പത്രപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗസ്സസിന്റെ സാന്നിധ്യം ഈ നമ്പറുകളിൽ ചിലതിൽ കണ്ടതായാണ് വിദേശമാധ്യമങ്ങളായ 'വാഷിങ്ടൺ പോസ്റ്റ്', 'ദ ഗാർഡിയൻ' എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ 'ദ വയർ' വെബ് മാധ്യമവും റിപ്പോർട്ട് ചെയ്തത്.
പെഗസ്സസിന്റെ ഡേറ്റാ ബേസിൽ ഈ നമ്പറുകളുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ ഒരു ജഡ്ജിയുടെ ഫോൺനമ്പറും ഉണ്ടെന്നും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. 50 രാജ്യങ്ങളിലായി ഒട്ടേറെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അറബ് രാജകുടുംബാംഗങ്ങൾ, ബിസിനസ് എക്സിക്യുട്ടീവുകൾ, മനുഷ്യാവകാശപ്രവർത്തകർ, പത്രപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഡേറ്റാ ബേസിലുണ്ടെന്ന് പറയുന്നു.
ന്യൂസ് ഡെസ്ക്