- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടങ്ങിവരവ് ഗംഭീരമാക്കി രാഹുൽ; ഇനിയെങ്കിലും മുന്നിൽനിന്ന് പോരാടണമെന്ന അഭ്യർത്ഥനയുമായി നേതാക്കൾ; അവസരത്തിനൊത്ത് ഉയരാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ?
ന്യൂഡൽഹി:രണ്ടുമാസത്തോളം നീണ്ട അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തി സജീവ രാഷ്ട്രീയത്തിൽ വീണ്ടും മുഴുകിയ രാഹുൽ ഗാന്ധിയോട് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ ഇനി വൈകരുതെന്ന് മുതിർന്ന നേതാക്കളുടെ ഉപദേശം. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ന്യൂഡൽഹിയിൽ രാഹുലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക റാലി വൻ വിജയമായതോടെ, നേതൃത്വം ഏറ്റെടുക്കാനു

ന്യൂഡൽഹി:രണ്ടുമാസത്തോളം നീണ്ട അജ്ഞാതവാസത്തിനുശേഷം തിരിച്ചെത്തി സജീവ രാഷ്ട്രീയത്തിൽ വീണ്ടും മുഴുകിയ രാഹുൽ ഗാന്ധിയോട് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ ഇനി വൈകരുതെന്ന് മുതിർന്ന നേതാക്കളുടെ ഉപദേശം. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ന്യൂഡൽഹിയിൽ രാഹുലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക റാലി വൻ വിജയമായതോടെ, നേതൃത്വം ഏറ്റെടുക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന ഉപദേശമാണ് രാഹുലിന് നേതാക്കൾ നൽകിയിട്ടുള്ളത്.
പാർട്ടി പ്രവർത്തക സമിതി അംഗം കൂടിയായ എ.കെ. ആന്റണി തന്റെ പ്രസംഗത്തിൽ രാഹുൽ നേതൃത്വമേറ്റെടുക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കുകയും ചെയ്തു. രാഹുൽ തിരിച്ചെത്തിയിട്ടുള്ളത് കൂടുതൽ വീര്യത്തോടെയും ഊർജത്തോടെയും ലക്ഷ്യങ്ങളോടെയുമാണ്. ഈ ജനകീയ മുന്നേറ്റത്തെ വിജയത്തിലേക്ക് നയിക്കാനുള്ള ആർജവം അദ്ദേഹത്തിനുണ്ടെന്ന് എനിക്കുറപ്പാണ്-എന്നായിരുന്നു ആന്റണിയുടെ വാക്കുകൾ.
പാർട്ടി നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി കടന്നുവരാൻ ഏറ്റവും ഉചിതമായ സമയം ഇതുതന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കർഷകറാലിയിലെ ജനപങ്കാളിത്തം. യോഗത്തിൽ സംസാരിച്ച മുതിർന്ന നേതാക്കളെല്ലാം പാർട്ടിയുടെ ചുമതല ഏറ്റെടുക്കാൻ രാഹുലിന് സമയമായി എന്ന സൂചനതന്നെയാണ് നൽകിയത്. രാംലീല മൈതാനത്തെത്തിയ കോൺഗ്രസ് പ്രവർത്തകരും ഭാവി നേതാവിനെ പ്രതീക്ഷയോടെ സ്വീകരിച്ചു.
ആവേശഭരിതമായിരുന്നു രാഹുലിന്റെ പ്രസംഗവും. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഭൂമി എറ്റെടുക്കൽ നിയമഭേദഗതിബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കംകുറിക്കുന്നതിനുവേണ്ടിയാണ് കർഷകറാലിയെന്ന് രാഹുൽ പറഞ്ഞു. മോദിക്കെതിരേ രൂക്ഷവിമർശനമാണ് രാഹുൽ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് വൻകിട കമ്പനികളിൽനിന്ന് നരേന്ദ്ര മോദിക്ക് ലഭിച്ച പണത്തിനുള്ള പ്രത്യുപകാരമാണ് ഭൂമി എറ്റെടുക്കൽ ഭേദഗതി ബില്ലെന്ന് രാഹുൽഗാന്ധി ആരോപിച്ചു.
ഭട്ടാ പർസോളിൽ താൻ തുടങ്ങിയ സമരവും തുടർന്ന് 2013-ൽ അന്നത്തെ യു.പി.എ സർക്കാർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഭൂമി ഏറ്റെടുക്കൽ നിയമം പാസ്സാക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയതും ആദിവാസികളുടെ ഭൂമി എറ്റെടുക്കുന്നതിന് എതിരെ ഒഡിഷയിലെ നിയംഗിരി ഹിൽസിൽ താൻ നടത്തിയ ഇടപെടലും രാഹുൽ പറഞ്ഞു. മുൻപ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് തന്റെ പ്രസംഗത്തിലും രാഹുലിന് നേതൃപരമായി വഹിക്കാനുള്ള ചുമതലകൾക്കാണ് ഊന്നൽ നൽകിയത്. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും സന്ദർശനം നടത്തി ജനങ്ങളെ കാണണമെന്ന് അദ്ദേഹം രാഹുലിനോട് പറഞ്ഞു.
രാഹുലിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന തരത്തിലാണ് കോൺഗ്രസ്സ് നേതൃത്വം ഈ റാലിയെ കണ്ടത്. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, എ.കെ.ആന്റണി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗേ, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, എ.ഐ.സി.സി ജനറൽസെക്രട്ടറി ദിഗ് വി ജയ്‌സിങ്, രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അജയ് മാക്കൻ, കോൺഗ്രസ് വക്താവ് പി.സി ചാക്കോ, എൻ.എസ്.യു അഖിലേന്ത്യാ അധ്യക്ഷൻ റോജി എം.ജോൺ, മഹിളാകോൺഗ്രസ് അധ്യക്ഷ ശോഭാ ഓജ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ തുടങ്ങി പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്റെ സമരപ്രഖ്യാപനം.

